മതരാഷ്ട്രവാദിയുടെ പേരെന്തിന്..? ഇത് ഭിന്നിപ്പിക്കാനുള്ള നീക്കമോ..?

ഗവേഷണ രംഗത്ത് കേരളത്തിന്‍റെ അഭിമാനമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍  ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് എന്ത് പേരാണ് ചേരുക?  ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായ ആ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയത് ആര്‍എസ്എസ് സര്‍സംഘചാലക്     എംഎസ് ഗോള്‍വാള്‍ക്കറുടെ പേരാണ്. മതരാഷ്ട്രത്തെക്കുറിച്ച് പഠിപ്പിച്ച ഗോള്‍വാള്‍ക്കറിന് ബയോടെക്നോളജിയുമായി എന്ത് ബന്ധം എന്നാണ് ചോദ്യമെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് ഉത്തരമുണ്ട്. നെഹ്റു ട്രോഫി വള്ളംകളിക്ക് ആ പേരിട്ടത് ജവഹര്‍ലാല്‍ നെഹ്റു വള്ളംകളിയില്‍ മിടുക്കനായതു കൊണ്ടാണോ, ഫുട്ബോള്‍ സ്റ്റേഡിയത്തിന് ഇഎംഎസ്സിന്‍റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിനുവേണ്ടി കളിക്കളത്തിലിറങ്ങിയതിന്‍റെ പേരിലാണ് എന്നൊക്കെയാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. ഇതുമാത്രമല്ല രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാനാണ് മാധവ സദാശിവ ഗോള്‍വാള്‍ക്കറെന്നും കേരളത്തിലെ ബിജെപി നേതൃത്വം ആണയിടുന്നു. യഥാര്‍ഥത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനും ഇഎംഎസിനും രാജീവ് ഗാന്ധിക്കുമൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന പേരാണോ, ആ ഗണത്തില്‍ എണ്ണപ്പെടേണ്ട പേരാണോ ഗോള്‍വാള്‍ക്കറുടേത്. രാജ്യത്തെ പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനത്തിന് ആ പേര് യോജിക്കുന്നുണ്ടോ? ഒരു പേരില്‍ ചിലതെല്ലാം ഇരിക്കുന്നില്ലേ ? ഗോള്‍വാള്‍ക്കറും ശാസ്ത്രവും തമ്മിലെന്ത്..?