അധിക്ഷേപത്തിന് മറുപടി അടിയോ? ഈ അടി പൊലീസിന് കിട്ടിയതോ?

നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണത്. സമൂഹമാധ്യമങ്ങളിലൂടെ അധിഷേപിച്ച വ്യക്തിയെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയറിയിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പറഞ്ഞതാണിത്. വിജയ് പി.നായരെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷമി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തി എന്നാല്‍ സ്ത്രീകളെക്കുറിച്ച് അങ്ങേയറ്റം നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രം. മാത്രവുമല്ല സ്ത്രീകള്‍ പരസ്യമായി കയ്യേറ്റം ചെയ്തതിന് ശേഷമാണ് ഈ വ്യക്തിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്. ആര്‍ക്കും എന്തും വിളിച്ചുപറയാവുന്ന ഇടമായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ട് കാലമേറെയായി. മുമ്പ് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയായിരുന്നു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമെങ്കില്‍ ഇന്നത് ഐഡന്‍റിറ്റി വെളിപ്പെടുത്തിത്തന്നെ ആയിരിക്കുന്നു. നിയമങ്ങള്‍ ദുര്‍ബലമായതോ ആ സൈബര്‍ അതിക്രമികളെ രക്ഷിക്കുന്നത്. സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വമോ സ്ത്രീകളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അധിക്ഷേപത്തിന് മറുപടി അടിയോ?