നിശബ്ദമായി ഒരു ക്രൂരത; ഇന്ധനവില കയറുന്നു; ജനത്തിന് ഒരു വിലയുമില്ലേ..?

കൊറോണയെന്ന കില്ലര്‍ വൈറസിനെ നേരിടുകയാണ് ലോകം. പല രോഗങ്ങളെയും നമ്മള്‍ നേരത്തെതന്നെ സൈലന്റ് കില്ലര്‍ എന്ന് വിളിക്കുന്നു. എന്നുവച്ചാല്‍ നിശബ്ദ കൊലയാളി. അങ്ങനെ സൈലന്റായി ഒരു ക്രൂരത ഇന്നാട്ടില്‍ നടക്കുകയാണ് ആഴ്ചകളായി. പെട്രോള്‍–ഡീസല്‍ വില വര്‍ധന. തുടര്‍ച്ചയായ 21ആം ദിവസമാണ് ഇന്ധനവില ഇന്ന് കൂടിയത്. അങ്ങനെ ഈ മൂന്നാഴ്ചകൊണ്ട് ഡീസലിന് കൂടിയത് പത്ത് രൂപ 45 പൈസ. പെട്രോളിന് 9 രൂപ 17 പൈസ. അതിനിടയില്‍ നമ്മുടെ നാട്ടിലൊരു വൈദ്യുതിബില്‍ വിവാദം കടന്നുപോയി. കോവിഡുണ്ടാക്കിയ പ്രതിസന്ധി നേരിടാന്‍ എന്നോണം ബസ് യാത്രാനിരക്ക് കൂട്ടാനുമിരിക്കുന്നു. 

പക്ഷെ കേന്ദ്രബിന്ദു ഇന്ധനവില വര്‍ധനതന്നെ. എന്തുകൊണ്ടാണ് വില ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കുന്നത്? ആരുടെ നന്മയ്ക്കാണത്? പൊതുനന്മ എന്നാണെങ്കില്‍ അതൊന്ന് ജനത്തോട് പറയേണ്ട ഉത്തരവാദിത്തമെങ്കിലും സര്‍ക്കാരിനില്ലേ?