ഉൽപ്പന്ന ബഹിഷ്കരണമാണോ മറുപടി? അയൽക്കാരോട് എന്ത് സമീപനം വേണം?

ഗല്‍വാനില്‍ വീണ സൈനികരുടെ രക്തം തന്ന ഷോക്കില്‍നിന്ന് നാം, ഈ രാജ്യം ഇനിയും മുക്തമല്ല. രാജ്യം കാക്കാന്‍ പ്രതിജ്‍ഞാബദ്ധമായി, ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ സ്വയം അര്‍പ്പിച്ച് നിന്ന ഇരുപത് ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. എത്രവലിയ ക്രൂരതയ്ക്കാണ് അവര്‍ വിധേയരായത്? ശരീരമാസകലം മുറിവ്, മുഖംതിരിച്ചറിയാനാകാതെ, നഖം പിഴുതുമാറ്റിയ നിലയില്‍വരെ. ആ ധീരരോടുള്ള, ദേശാഭിമാനികളോടുള്ള സ്നേഹം അതാത് നാട് നല്‍കിയത് എത്ര കണ്ണീരോടെയെന്നും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഗല്‍വാന്റെ പേരില്‍ ചൈനയ്ക്ക് എന്താകണം ഇന്ത്യയുടെ മറുപടിയെന്ന് അല്ലെങ്കില്‍ പ്രതികരമെന്ന് പലതലത്തില്‍ ചര്‍ച്ചകള്‍ നടന്ന ദിവസംകൂടിയാണ് ഇന്ന്. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തെ സര്‍ക്കാര്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് വ്യോമസേന. സേനാതലവന്‍ തന്നെ ലഡാക്കിലെത്തി. രാഷ്ട്രീയ വിവാദത്തില്‍നിന്ന് മുക്തവുമല്ല സാഹചര്യം. അപ്പോള്‍ എന്താകണം ഈ ഘട്ടത്തില്‍ ഈ അയല്‍ക്കാരോടുള്ള ഇന്ത്യന്‍ സമീപനം? ഉല്‍പ്പന്ന ബഹിഷ്കരണം ഒരു മറുപടിയാണോ? ഒപ്പം രാഷ്ട്രീയ വിമര്‍ശനത്തിന് ഇതോ നേരം?