ജനതാ കര്‍ഫ്യൂ കഴിഞ്ഞാല്‍ ജനവും സര്‍ക്കാരും എന്തുചെയ്യണം?

ഒന്നും ചെയ്യാതിരിക്കുന്നതും ചിലപ്പോള്‍ നല്ല കാര്യമാണ്. നാടിനോട് ചെയ്യുന്ന നല്ല സേവനമാണ്. അങ്ങനെ തെളിയിച്ച് കോടിക്കണക്കിന് ഇന്ത്യക്കാര്‍ വീടിനകത്ത് ഇരുന്ന പകലാണ് കടന്നുപോയത്. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ പൂര്‍ണമനസോടെ സ്വയംപ്രഖ്യാപിത നിയന്ത്രണമെന്നപോലെ ജനം അംഗീകരിച്ചു. ഇനിയെന്തുവേണം? ഇന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ചില സൂചനകള്‍ നല്‍കും. കേരളത്തില്‍ പതിനഞ്ച് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍; കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടുപേര്‍ക്കു വീതം രോഗം ബാധിച്ചു. 59,295 പേര്‍ നിരീക്ഷണത്തില്‍. കേരളത്തിലേത് അടക്കം രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടണമെന്ന നിര്‍ദേശം കേന്ദ്രത്തില്‍നിന്ന് വന്നു. കാസര്‍കോട് ജില്ല അടച്ചിടാന്‍ തീരുമാനമായി. മറ്റ് ജില്ലകളുടെ കാര്യത്തില്‍ അധിക നിയന്ത്രണങ്ങളൊന്നും ഇതുവരെയില്ല. എന്നാല്‍ ജനതാ കര്‍ഫ്യൂവിന് ശേഷവും ജനം പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. വേറെയുമുണ്ട് ദേശീയതലത്തില്‍ വലിയ തീരുമാനങ്ങള്‍. ട്രെയിന്‍ ഗതാഗതം ഈമാസം 31വരെ നിര്‍ത്തിവച്ചു. മെട്രോ സര്‍വീസ് അടക്കം. ഡല്‍ഹിയടക്കം ചില സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ജനതാ കര്‍ഫ്യൂവിനുശേഷം എന്താണ് ജനം ചെയ്യേണ്ടത്? കോവിഡ് 19ന് മുന്നില്‍ രാജ്യത്തിന്റെ പ്രതിരോധം ഇപ്പോള്‍ എവിടെയാണ്?