അനങ്ങാതെ നിന്ന പൊലീസും അധികാരികളും; ഈ മരണത്തിന് ആരാണ് ഉത്തരവാദി?

സ്വകാര്യബസുകളും കെഎസ്ആര്‍ടിസിയും തമ്മില്‍ എന്നുമുണ്ട് പ്രശ്നം. അതിലൊക്കെ പൊലീസ് ഇടപെടലും ഉണ്ടായിട്ടുണ്ട്. പക്ഷെ ആ പ്രശ്നങ്ങള്‍ ഒരു മനുഷ്യജീവനെടുക്കുമോ? എടുക്കും. എടുത്തു ഇന്ന് തിരുവനന്തപുരത്ത്. കുമാരപുരം സ്വദേശി സുരേന്ദ്രന്‍ അങ്ങനെ ആ തര്‍ക്കത്തിന്റെ പിന്നാലെയുണ്ടായ മിന്നല്‍ പണിമുടക്കിന്റെ ഇരയായി മരിച്ചുവീണു. 

രാവിലെ പതിനൊന്നിന് ബസ് കാത്ത് വന്ന സുരേന്ദ്രന്‍ രണ്ടരവരെ അങ്ങനെ കാത്തിരുന്നു. ഒടുവില്‍ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിയെങ്കിലും മരിച്ചു. രാവിലെ ഒന്‍പതേകാലോടെ ചട്ടം ലംഘിച്ച് എത്തിയ സ്വകാര്യബസിനെതിരെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. 

പൊലീസെത്തിയെങ്കിലും നീതികിട്ടിയത് സ്വകാര്യബസിനെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. പിന്നാലെ ഡിടിഒ അടക്കം അറസ്റ്റിലാകുന്നു. ഇതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട മിന്നല്‍ പണിമുടക്ക് നഗരത്തെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. റോഡില്‍ നിരനിരയായി ബസ് പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍. 

അനങ്ങാതെ നിന്ന പൊലീസ്, മറ്റ് അധികാരികള്‍. അങ്ങനെ എല്ലാം ചേര്‍ന്നപ്പോള്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. സുരേന്ദ്രന്റെ മരണത്തിന് ആരൊക്കെ കണക്കുപറയേണ്ടിവരും? ആരാണ് ഇന്ന് തലസ്ഥാനത്ത് കണ്ട കാഴ്ചകള്‍ക്ക് ഉത്തരവാദി?