തോക്കും വെടിയുണ്ടയും എവിടെപ്പോയി?

നമ്മുടെ നാടും സ്വത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് നമ്മള്‍ വിശ്വസിക്കുന്ന പൊലീസിനെ അതിന്റെ മേധാവിയെത്തന്നെ അതീവഗുരുതരമാംവിധം സിഎജി സംശയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ട് രണ്ടുപകല്‍ പിന്നിടുന്നു. സിബിഐയും എന്‍ഐഎയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിലെത്തി കണ്ടു.

പ്രതികരിക്കാന്‍ അദ്ദേഹമിന്നും തയാറായില്ല. നടപടിക്രമം പാലിച്ച് പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി. ബെഹ്റയെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തോട് ചിരിയായിരുന്നു പിണറായി വിജയന്റെ മറുപടി. തോക്കുകളും വെടിയുണ്ടകളും എവിടെപ്പോയെന്ന ചോദ്യം പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നുവെങ്കില്‍ അതിനെ സര്‍ക്കാര്‍ ഏത് ഗൗരവത്തിലാണ് സമീപിക്കുന്നത്?