ബജറ്റ് ഈ സാമ്പത്തിക സാഹചര്യത്തിന് എന്ത് പരിഹാരം തരും?

അടുത്തകാലത്തൊന്നും ഇത്ര ആകാംക്ഷയോടെ പൊതുബജറ്റിനെ രാജ്യം ഉറ്റുനോക്കിയിട്ടില്ല. കാരണം വ്യക്തമാണ്. തളര്‍ച്ച നേരിടുന്ന സാമ്പത്തികരംഗം. ഉപഭോഗമില്ല. വാങ്ങല്‍ശേഷിയില്ല. ഉല്‍പാദനമില്ല. തൊഴില്‍ നഷ്ടം. സമ്പദ്് വ്യവസ്ഥയുടെ ഇരട്ട എഞ്ചിനെന്ന് അറിയപ്പെടുന്ന ഉപഭോഗം, നിക്ഷേപമെന്നിവ പ്രതീക്ഷയറ്റ അവസ്ഥയില്‍. അപ്പോള്‍ എന്തുത്തരം തരും തന്റെ ആദ്യ ഫുള്‍ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നതായിരുന്നു ചോദ്യം. ആദായനികുതിക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച്, ഇളവുകള്‍ നല്‍കി, കോര്‍പറേറ്റ് ടാക്സ് പിന്നെയും കുറച്ച്, വിഭവസമാഹരണത്തിന് എല്‍ഐസിയിലും കണ്ണുവച്ച് ഗ്രാമീണ സമ്പദ്് വ്യവസ്ഥയുടെ മുന്നേറ്റത്തിന് നീക്കിവച്ച് രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിലൂടെ നിര്‍മല തന്റെ ഉത്തരം തന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രസംഗത്തിന് സഭയില്‍ കയ്യടി കിട്ടി. പ്രസംഗത്തിലെ ഉള്ളടക്കത്തിന് കയ്യടിക്കുമോ ജനം? സ്ലോബലൈസേഷന്‍ എന്നുകൂടി വിശേഷിപ്പിക്കപ്പെട്ട സവിശേഷ സാമ്പത്തിക സാഹചര്യത്തിന് എന്ത് പരിഹാരം തരും ഈ ബജറ്റ്?