'മിസ്‍ഡ്കോൾ' പ്രചാരവേലയ്ക്ക് പ്രതിഷേധമടക്കാനാവുമോ?

ആ നമ്പര്‍ നെറ്റ്ഫ്ലിക്സിന്‍റെയല്ല, മറ്റാരുടെയുമല്ല, ബിജെപിയുടെ തന്നെയാണ്. അമിത് ഷാ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിന് പിന്തുണ അറിയിക്കാന്‍ മിസ് കോളടിക്കാനുള്ളതാണ് ആ നമ്പര്‍. ബിജെപി വ്യാപകമായ പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. രാജ്യത്തെ  പ്രതിഷേധങ്ങള്‍കൊണ്ട്   ഇളക്കിമറിച്ച പൗരത്വഭേദഗതിനിയമത്തിന് പിന്തുണയുറപ്പിക്കാനാണ് മിസ്‍ഡ്കോളടിും പൊതുയോഗങ്ങളും ഗൃഹസമ്പര്‍ക്കപരിപാടിയും. ഡല്‍ഹിയില്‍ ഗൃഹസമ്പര്‍ക്കത്തിനിറങ്ങിയ അമിത് ഷായ്ക്ക് നേരെ പെണ്‍കുട്ടി ഗോ ബായ്ക്ക് വിളിച്ചു. കേരളത്തില്‍ നിയമത്തെപറ്റി വിശദീകരിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജിജുവിനോട് എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറും ആര്‍ച്ച് ബിഷപ് സൂസെപാക്യവും മുസ്‍ലിം അസോസിയേഷനും വിയോജിപ്പ്   പരസ്യമാക്കിയത് കല്ലുകടിയായി. രാജ്യത്തെ ബിജെപി ഇതരസര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എല്ലാമെതിര്‍ക്കുന്ന, രാജ്യാന്തരപ്രതിഷേധങ്ങള്‍ പോലും ഏറ്റുവാങ്ങുന്ന നിയമത്തെ ജനകീയമാക്കാന്‍ ഈ പ്രചാരണപരിപാടികള്‍ക്ക് കഴിയുമോ? പൗരത്വഭേദഗതി നിയമത്തിലെ അടിസ്ഥാനപ്രശ്നങ്ങള്‍ മാറ്റാതെ എങ്ങനെ ജനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയും. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ളതുകൊണ്ടാണ് നിയമം പാസാക്കിയതെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചവര്‍ ഇപ്പോള്‍ മിസ്കോളടിക്കാന്‍ പറയുന്നതെന്തിന് ? പ്രചാരവേലയ്ക്ക് പ്രതിഷേധമടക്കാനാവുമോ?