ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും

egg-heart
SHARE

ഹൃദയാഘാതത്തിലെ പ്രാധനപ്പെട്ട ഒരു വില്ലനാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഉള്ളളർക്ക് മുട്ട കഴിക്കാമോയെന്ന വിഷയത്തിൽ ഒരുപാടു വാദപ്രതിവാദങ്ങളും വന്നിട്ടുണ്ട്. എല്ലാവരും കരുതുന്ന പോലെ ഹൃദ്രോഗത്തിൽ മുട്ടയ്ക്ക് ഒരു വില്ലൻ പരിവേഷമുണ്ടോ?

കൊളസ്ട്രോൾ ഏറ്റവും കൂടുതലുള്ള പദാർത്ഥമായിട്ടായിരുന്നു മുട്ടയെ കണക്കാക്കിയിരുന്നത്. രണ്ട് മുട്ടയുടെ മഞ്ഞക്കുരു കഴിച്ചാൽ ഏതാണ്ട് 300 മില്ലിഗ്രാം കൊളസ്ട്രോളായി. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾക്കൊള്ളേണ്ട കൊളസ്ട്രോളിന്റെ പരിധിയും 300 മില്ലിഗ്രാം തന്നെ. അപ്പോൾ ആഹാരത്തിൽ നിന്നുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട ആദ്യപടി മുട്ട ഒഴിവാക്കുക തന്നെ. അങ്ങനെ മുട്ടയെ, ഹൃദയാരോഗ്യത്തെ കാർന്നുതിന്നുന്ന മുഖ്യവില്ലനായി മുദ്രകുത്തി ‘ആരോഗ്യറെസിപ്പി’ കളിൽ നിന്ന് ഒഴിവാക്കിയിരുന്നു, പോഷണ ശാസ്ത്രകാരന്മാർ. ഹൃദയത്തെയും ധമനികളെയും രോഗാതുരതകളിൽ നിന്ന് പരിരരക്ഷിക്കാനായി ഇതുവരെ മുന്നോട്ടുവച്ച നിർദ്ദേശങ്ങളും നിബന്ധനകളും അതുതന്നെയായിരുന്നു.

മുട്ടയ്ക്ക് കല്പിച്ച ഭ്രഷ്ട് നീങ്ങുന്നു

എന്നാൽ അമേരിക്കയിൽ നടന്ന ഗവേഷണങ്ങളുടെ വെളിച്ചത്തിൽ പണ്ട് ഹാനികരമെന്ന് മുദ്രകുത്തപ്പെട്ട പല ഭക്ഷ്യപദാർത്ഥങ്ങളും ഇപ്പോൾ നിരുപദ്രവകാരികളെന്ന് തെളിയുകയാണ്. അതിൽ മുഖ്യൻ മുട്ട തന്നെ. മുട്ടയ്ക്ക് ഹൃദ്രോഗ പ്രതിരോധരംഗത്ത് കല്പിച്ചിരുന്ന ഭ്രഷ്ട് നീക്കപ്പെടുകയാണ്. പഠനഫലങ്ങൾ  പ്രകാരം, ശരീരത്തിൽ ആകെയുള്ള കൊളസ്ട്രോളിന്റെ 15 ശതമാനം മാത്രമാണ് ഭക്ഷണത്തിലൂടെ എത്തിച്ചേരുന്നത്. കൊളസ്ട്രോളിന്റെ പ്രധാന ഉല്പാദനകേന്ദ്രം കരളാണ്. 85 ശതമാനം കൊളസ്ട്രോളും അവിടെ ഉല്പാദിപ്പിക്കപ്പെടുന്നു. അതായത് 3–4 ഗ്രാം കൊളസ്ട്രോൾ കരൾ ദിവസേന ഉല്പാദിപ്പിക്കുന്നു. അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയുടെ ഉപാപചയത്തിന്റെ ഫലമായി ഉണ്ടാകുന്ന ‘അസറ്റൈൽ – കൊ – എ’ എന്ന ഘടകത്തിൽ നിന്നാണ് കൊളസ്ട്രോൾ നിർമ്മിക്കുന്നത്. കരളിലെ കൊളസ്റ്ററോൾ ഉല്പാദനം പല നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഭക്ഷണത്തിലൂടെ കൂടുതൽ കൊളസ്ട്രോൾ എത്തിയാൽ കരൾ ഉൽപാദനം കുറയ്ക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സാധാരണ തോതിൽ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കുന്നു. ഭക്ഷണത്തിലൂടെ പൂരിതകൊഴുപ്പും ട്രാൻസ്ഫാറ്റുകളും പഞ്ചസാരയും അടങ്ങുന്ന ആഹാരപദാർത്ഥങ്ങൾ കൂടുതലായെത്തിയാൽ കൊളസ്ട്രോൾ നിർമാണത്തിന് അനിവാര്യമായ ‘അസറ്റൈൽ–കൊ–എ’ സുലഭമാകുന്നു.

ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോളിന്റെ പ്രധാന സ്രോതസ്സ് സസ്യേതര പദാർത്ഥങ്ങളാണ്. പുതിയ പഠന പ്രകാരം ശരീരത്തിലെ ആകെയുള്ള പൊതുവായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുവാൻ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കൊളസ്ട്രോളിന് വലിയ പങ്കില്ല. അങ്ങനെ വരുമ്പോൾ ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊളസ്ട്രോളിനെ കടിഞ്ഞാണിടുന്നതിൽ പ്രസക്തിയില്ല. അപകടകാരികൾ മറ്റു പലതുമാണ്; പഞ്ചസാരയും പൂരിതകൊഴുപ്പും ട്രാൻസ്ഫാറ്റുകളും. ഇങ്ങനെ പോകുന്നു പുതിയ ഗവേഷണ വിശേഷങ്ങൾ !

പൂർണരൂപം വായിക്കാം

MORE IN Arogyam
SHOW MORE