ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ഉപാധികളോടെ ടോൾ പിരിവിന് അനുമതി നൽകുന്ന ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ നിരക്ക് പരിഷ്കരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്നും, അതിനാൽ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്നുമാണ് വിഷയം ഇന്ന് പരിഗണിച്ചപ്പോൾ ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടത്. 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളം കൊടുക്കുകയും മറ്റു ചിലവുകൾ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാമെന്നും, എന്നാൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നും കോടതി അറിയിച്ചത്. കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് നടപടി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ പരിശോധന തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.