സമാധാനയോഗങ്ങള്‍ പ്രഹസനമാകുന്നോ?

കേരളത്തില്‍ രാഷ·്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള സമാധാനയോഗങ്ങള്‍ നടന്നാല്‍ അടുത്ത മണിക്കൂറുകളില്‍ വെട്ടു നടക്കും. ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ പതിവുപോലെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തുനിന്നും. കണ്ണൂരിൽ കലക്ടറുടെ അധ്യക്ഷതയിൽ ഉഭയകക്ഷി സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് അക്രമം. പാനൂരിലും പയ്യന്നൂരിലും അഞ്ചുപേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തും രാഷ്ട്രീയ അതിക്രമം. ഒടുവില്‍ ആക്രമിച്ചതോ ആക്രമിക്കപ്പെട്ടതോ ഏത് പാര്‍ട്ടിക്കാരാണ് എന്നത് എന്നത് പ്രസക്തമല്ല. അത് അങ്ങോട്ടുമിങ്ങോട്ടും തുടരും. അതിനിടെ ബിഎംഎസ് നേതാവ് പയ്യോളി മനോജ് വധത്തില്‍ സിപിഎം നേതാവ് അടക്കം ഒന്‍പതുപേര്‍ സിബിഐയുടെ അറസ്റ്റിലായിരിക്കുന്നു എന്നതാണ് ഇന്ന് കാണേണ്ട ഒരു നടപടി. 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ നിങ്ങള്‍ എന്തിനാണ് ഈ സമാധാനചര്‍ച്ചകള്‍‌ നടത്തുന്നത്. ആരെയൊക്കെ തിരഞ്ഞുപിടിക്കണം എന്ന് കണ്ടെത്താനോ.? അല്ലെങ്കില്‍ പിന്നെ സമാധാനയോഗങ്ങള്‍ക്കു തൊട്ടുപുറകെയെത്തുന്ന അക്രമങ്ങളുടെ അര്‍ഥമെന്താണ് ? അക്രമം തുടരാനാണെങ്കില്‍ വെറും പ്രഹസനമാകുന്ന സമാധാനയോഗങ്ങള്‍ കേരളസമൂഹത്തിന് ആവശ്യമില്ല. ആദ്യം വെട്ടും കൊലയും അവസാനിപ്പിക്കൂ. എന്നിട്ട് സമാധാനം അളക്കാം.