ആലിംഗനം കുറ്റമാണെന്ന് പഠിപ്പിക്കുന്നവർ എങ്ങനെയുള്ള തലമുറയെയാണ് പരിശീലിപ്പിക്കുന്നത്?

ആലിംഗനം എന്ന മഹാപരാധം ചെയ്ത രണ്ടു വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് കത്രികവച്ച് മാതൃകയാകുന്ന ഒരു സ്കൂള്‍. തിരുവനന്തപുരത്തെ മുക്കോലക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍. കലോല്‍സവത്തില്‍ വിജയം നേടിയ കൂട്ടുകാരിയെ അഭിനന്ദിക്കാന്‍ വേണ്ടിയാണ് ആലിംഗനം ചെയ്തതെന്ന് ആണ്‍കുട്ടി പറഞ്ഞിട്ടും പെണ്‍കുട്ടി അത് ശരിവച്ചിട്ടും സ്കൂളിലെ അച്ചടക്കസമിതി കണ്ടെത്തിയത് അങ്ങനെയല്ലെന്നാണ്. സ്കൂളില്‍ നിന്ന് പുറത്താക്കിയ നടപടി ബാലാവകാശ കമ്മിഷന്‍ റദ്ദാക്കിയപ്പോള്‍ ഹൈക്കോടതിയില്‍ പോയി അതിനുമേലെ ഉത്തരവ് നേടി സ്കൂള്‍ അധികൃതര്‍. കൂടാതെ, താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്ത് സ്കൂള്‍ മേധാവികള്‍ പ്രചരിപ്പിച്ചെന്നും ആണ്‍കുട്ടി പരാതിപ്പെടുന്നു. ആലിംഗനത്തിന്റേയും സൗഹൃദത്തിന്റേയും പേരില്‍ അ‍ഞ്ചുമാസമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കഴിയുകയാണ് രണ്ടു വിദ്യാര്‍ഥികളെന്ന് ചുരുക്കം. ആലിംഗനം ഒരു കുറ്റമാണെന്ന് പഠിപ്പിക്കുന്ന സദാചാരമുതലാളിമാര്‍ എങ്ങനെയുള്ള തലമുറയെ ആണ് പരിശീലിപ്പിച്ചുവിടുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

നിലപാട്

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തേണ്ടത് ഒരു വിദ്യാലയത്തിന്റെ പ്രാഥമിക കടമയാണ്. അത് ചെയ്യേണ്ടത് അവര്‍ തമ്മില്‍ തൊട്ടുകൂടായ്മ സൃഷ്ടിച്ചല്ല. പരസ്പരം സ്പര്‍ശിക്കാതെ അവരെ അകറ്റിനിര്‍ത്തിയല്ല. ശരീരങ്ങളുടെ ജൈവബന്ധം അവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. അതിന് അധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും ആദ്യം വേണ്ടത് വളരുന്ന തലമുറയുടെ ശരീരത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചുമുള്ള അറിവാണ്.