തൊഴിലുറപ്പ് പരിപാടിയല്ല സംവരണം

സംവരണം ആനുകൂല്യമോ ഔദാര്യമോ അല്ല. ഭരണഘടനാപരമായ അവകാശമാണ്. ചില ജാതി വിഭാഗങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതുവരെ തുടരാന്‍ ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത സര്‍ഗാത്മക പരിഹാരം. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലേയോ മറ്റുപിന്നാക്ക വിഭാഗങ്ങളിലേയോ പാവപ്പെട്ടവരെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുവരാന്‍ ജോലി നല്‍കുന്ന പരിപാടിയല്ല സംവരണം. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാന്‍ നടപ്പാക്കേണ്ട തൊഴിലുറപ്പ് പരിപാടിയല്ല സംവരണം. അതായത്, സാമ്പത്തിക സംവരണം, സംവരണമെന്ന ആശയത്തിന്റെ അട്ടിമറിയാണ്. ഒരുവിധ പരിഗണനയും ലഭിക്കാത്ത മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കണം ഈ സര്‍ക്കാര്‍. പക്ഷേ അത് ജോലി സംവരണമായാല്‍, ദേവസ്വത്തിലായാല്‍ പോലും, സംവരണം എന്ന ആശയത്തിന്റെ അന്തസ്സത്തയുടെ കടയ്ക്കല്‍ കത്തിവയ്ക്കലാണ്. പകരം സഹായിക്കൂ, ഏതുവിഭാഗത്തില്‍ പെട്ട പാവപ്പെട്ടവരേയും, സര്‍ക്കാരിന്റെ ദാരിദ്യനിര്‍മാര്‍ജന പദ്ധതികള്‍ കൊണ്ട്.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. 

ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടി ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരെ സഹായിക്കേണ്ടത് സംവരണം കൊണ്ടല്ല, സര്‍ക്കാരിന്റെ പദ്ധതികള്‍ കൊണ്ടാണ്. സംവരണം സാധുജന സഹായ പദ്ധതിയല്ല.