പാലക്കാട് മണ്ണാർക്കാട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ചികിത്സയിലുള്ളത്.
മണ്ണാർക്കാട് പെരിമ്പടടി പോത്തോഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണ് അഞ്ചുപേരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീയും അവരുടെ മൂന്ന് കുട്ടികളും സ്ത്രീയുടെ സഹോദരിയുമാണ് ചികിത്സയിലുള്ളത്.
ഒന്ന്, മൂന്ന് വയസ്സുള്ള കുട്ടികൾക്കൊപ്പം ആറുമാസം പ്രായമുള്ള കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ചുപേരും അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
അടുത്തിടെയാണ് കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. അതിനാൽ കുടുംബത്തെക്കുറിച്ച് പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല. കുടുംബപ്രശ്നങ്ങളാകാം വിഷം ഉള്ളിൽ ചെന്ന സംഭവത്തിന് പിന്നിലെന്നാണ് മണ്ണാർക്കാട് പൊലീസിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം തുടരുകയാണ്.