വാടകയ്ക്കെടുത്ത് മറിച്ചുവിറ്റ ടിപ്പർ ലോറി തെക്കെ ഇന്ത്യയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിൽ തമിഴ്നാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. 26 പേരിലൂടെ കൈമറിഞ്ഞ ലോറി കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലടക്കം 2500 കിലോമീറ്ററോളം നീണ്ട തിരച്ചിലിനുശേഷമാണ് കണ്ടുപിടിച്ചത്. സേലത്തിനു സമീപം ഓമല്ലൂരിലെ ഉൾഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ലോറി പൊളിച്ചുവിൽക്കാനുള്ള നീക്കത്തിനിടെയാണ് പൊലീസ് കണ്ടെടുത്തത്.
കേസ് വന്ന് വഴി
വയനാട് തൃശിലേരി സ്വദേശിയായ അനൂപിന്റെ പരാതിയിലാണ് പൊലീസ് കഴിഞ്ഞ ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അനൂപ് ലീസിനു നൽകിയ ലോറി കരാർ വ്യവസ്ഥകൾ ലംഘിച്ച് ജിപിഎസ് ബന്ധം വിച്ഛേദിച്ച ശേഷം തട്ടിയെടുക്കുകയായിരുന്നു
അന്വേഷണം ഇങ്ങനെ
കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം. നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ, ടോൾ പ്ലാസ വിവരങ്ങൾ, പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് നിർണായകമായത്. അന്വേഷണത്തിനിടയിൽ വാഹനം ചുരുങ്ങിയ കാലയളവിൽ 26 പേർക്ക് മറിച്ചുവിറ്റതായി കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സേലത്തുനിന്ന് 80 കിലോമീറ്റർ അകലെ ഓമല്ലൂരിൽ ഒളിപ്പിച്ച നിലയിൽ ടിപ്പർ കണ്ടെത്തിയത്. വാഹനം ഉടൻതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുനെല്ലി സര്‍ക്കിള്‍ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ( എന്നിവരുടെ മേൽനോട്ടത്തിൽ സി.പി.ഒമാരായ എം.ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരടങ്ങിയ സംഘമാണ് വാഹനം കണ്ടെത്തിയത്. പ്രതികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു