തിരുവനന്തപുരം ആര്യനാട് പതിമൂന്ന് വയസുള്ള ഏഴാംക്ളാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞത് അട്ടിമറി നീക്കം പൊളിഞ്ഞതോടെ. പെണ്‍കുട്ടിയുടെ നാട്ടിലുള്ള ഒരു 67 കാരന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനായിരുന്നു ആദ്യ നീക്കം. പിന്നീടാണ് 67 കാരനല്ല, പെണ്‍കുട്ടിയുടെ ബന്ധുവായ 17 കാരനാണ് യഥാര്‍ത്ഥ ഉത്തരവാദിയെന്ന് വ്യക്തമായത്.
Also Read: വയറുവേദനയെന്ന് ഏഴാംക്ലാസുകാരി; പരിശോധനയില്‍ ഏഴുമാസം ഗര്‍ഭിണി; അയല്‍വാസിയായ 17കാരന് പിടിയില്‍
ഏഴാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞ് തുടങ്ങുന്നത്. വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത് അവിടെയാണ്. അതോടെ തിരുവനന്തപുരത്ത് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ പൊലീസിനെയും അറിയിച്ചു.
പൊലീസെത്തി കാര്യം തിരക്കിയെങ്കിലും വീട്ടുകാര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. പെണ്‍കുട്ടിയും ആദ്യം കാര്യമായൊന്നും പറഞ്ഞില്ല. തുടര്‍ന്ന് നാട്ടില്‍ അന്വേഷിച്ചപ്പോളാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ ചിലര്‍ 67 കാരന്റെ പേര് പറയുന്നത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നയാളാണ് 67 കാരന്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു വാദം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇതോടെ പൊലീസിന് സംശയം തോന്നിയപ്പോളാണ് അന്വേഷണം വ്യാപിപ്പിച്ചത്.
പിന്നീട് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് 17 കാരന്റെ പേര് പറയുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും ബന്ധുവുമാണ് പതിനേഴുകാരന്. പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 17കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കാട്ടാക്കട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.