അഞ്ചുവയസുകാരിയായ മകൾ ഫാബിയാന കാബെല്ലോയുടെ മരണത്തിൽ തകർന്നുപോയ ഇന്ത്യൻ വംശജനായ കുൽദീപ് സിങ്, മകളുടെ അന്ത്യകർമങ്ങൾക്കായി പൊതുജനങ്ങളുടെ സഹായം തേടുന്നു. സംസ്കാരച്ചെലവും അനുബന്ധ ചെലവുകളും കണ്ടെത്തുന്നതിനായി 18,000 ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന കുൽദീപ് ഓൺലൈൻ ധനസമാഹരണ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്.

ന്യൂയോർക്കിലെ ക്വീൻസിലുള്ള സൗത്ത് റിച്ച്മണ്ട് ഹില്ലിലെ വീട്ടിൽ ഒക്ടോബർ 14-നാണ് ഫാബിയാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിയന്തര സന്ദേശത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ഫ്രാൻസിസ് കാബെല്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മരണകാരണവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

കുട്ടിയുടെ ശരീരത്തിൽ ചില പാടുകളും രക്തസ്രാവത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതായി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരണത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച അന്തിമ മെഡിക്കൽ നിഗമനം സ്ഥിരീകരിക്കേണ്ടതുണ്ട്.

മകളുടെ അപ്രതീക്ഷിത വിയോഗത്തിനൊപ്പം സംസ്കാരച്ചെലവുകൾ കണ്ടെത്തേണ്ട സാമ്പത്തിക ബാധ്യതയും കുൽദീപിന് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. മകൾക്ക് മാന്യമായ അന്ത്യകർമങ്ങൾ ഒരുക്കുന്നതിനായി സഹായിക്കണമെന്ന് അദ്ദേഹം ഓൺലൈൻ ധനസമാഹരണ അഭ്യർഥനയിലൂടെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം തുടരുകയാണ്. 

Kuldip Singh Seeks Public Help for Daughter's Funeral After Tragic Death in New York:

Malayala Manorama Online News covers the tragic death of five-year-old Fabiana Cabello in New York and her father Kuldip Singh's public appeal for funeral funds. The grieving father, working as an Uber driver, has launched an online fundraising campaign as the child's mother faces murder charges following the incident.