കുറ്റവാളികള്ക്കൊപ്പം പൊലീസ് ചങ്കായി മാറിയാലോ. അത്തരത്തിലുള്ള പൊലീസുകാര് സമൂഹത്തിന് സുരക്ഷയുടെ സന്ദേശമല്ല മറിച്ച് വേലി തന്നെ വിളവ് തിന്നുന്നു എന്ന വികാരമാണുണ്ടാക്കുക. ഇത്തരത്തില് പിരിച്ചുവിടല് നോട്ടീസ് കിട്ടിയ പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ് തിരുവല്ലയില് നിന്ന് വാര്ത്ത പുറത്തുവരുന്നത്.
തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഓ നിശാന്ത് പി ചന്ദ്രനെയാണ് സർവീസിൽ നിന്നും പിരിച്ചുവിടുന്നത്. ഒട്ടേറെ കുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.
പൊലീസ് ഇടത് അസോസിയേഷൻ ജില്ലാ ഭാരവാഹി കൂടിയാണ് നിഷാന്ത് പി. ചന്ദ്രന് . തിരുവല്ല പൊലീസ് സ്റ്റേഷനില് തന്നെ 21 കേസുകളുള്ളതും കാപ്പ കേസില് നാടുകടത്തിയതുമായ റോഷന് വര്ഗീസ്, പീച്ചി ഹൈവേ റോബറി കേസില് പ്രതിയായ കിരണ് പിര്ലോ എന്നിവരുമായി നിഷാന്ത് അടുത്ത ബന്ധം പുലര്ത്തിയിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികള്ക്കൊപ്പം നിഷാന്ത് തുടര്ച്ചയായി കണ്ടുമുട്ടിയിരുന്നു. തുടര്ന്ന് ഇയാള് ഇവരുടെ കൂടെയുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില് പങ്കുവച്ചിരുന്നു. നിഷാന്തിന്റെ ഫോണ് രേഖകള് പരിശോധിച്ചതില് നിന്നും ഇയാള് നിരന്തരം പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
ക്രിമിനലുകളുമായി ചേര്ന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്ട്ടുകളുണ്ട്. ഇതിന് പിന്നാലെ പൊലീസിന് അവമതിപ്പുണ്ടാക്കിയെന്നും നിഷാന്തിന് ഉദ്യോഗസ്ഥന് എന്ന നിലയില് പെരുമാറ്റദൂഷ്യമുണ്ടായെന്നും നോട്ടിസില് പറയുന്നു. എന്നാല് പിരിച്ചുവിടല് തീരുമാനം താല്ക്കാലികമാണെന്നും 15 ദിവസത്തിനകം ആക്ഷേപമുണ്ടെങ്കില് ബോധിപ്പിക്കാന് സമയമുണ്ടെന്നും നോട്ടിസില് പറയുന്നു. ഈ സമയപരിധി കഴിഞ്ഞാല് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കും.