• വിസ്മയയ്ക്ക് ആംബുലന്‍സ് ഡ്രൈവറുമായി സൗഹൃദം, 20വയസ് പ്രായവ്യത്യാസം ദമ്പതികളുടെ ജീവിതത്തില്‍ കരടായി. ഒടുവില്‍ കൊലപാതകം

തൃശൂര്‍ വലപ്പാട് ബീച്ചിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട വിസ്മയയും ഭര്‍ത്താവ് രാജേഷും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളും അതിന്റെ കാരണങ്ങളുമാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വിജേഷിന്‍റെ സംശയവും ഇരുവരും തമ്മിലുള്ള അകല്‍ച്ചയും വലുതായതോടെ വ്യാഴാഴ്ച പുലര്‍ച്ച വിജേഷ് വിസ്മയയേയും നാലുവയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Also Read: ‘ടീച്ചറേ, വാടകയ്ക്കു താമസിക്കുന്ന അങ്കിള്‍ മോശമായി തൊടുന്നു’; ഗുഡ്ടച്ച് ബാഡ്ടച്ച് ക്ലാസില്‍ പീഡനം പറഞ്ഞ് 7വയസുകാരി

വിസ്മയയുടെ സുഹൃത്തിനെക്കുറിച്ചുള്ള സംശയവും കൊലപാതകത്തിന് കാരണമായെന്നാണ് വിവരം. വിസ്മയയ്ക്ക് 18 വയസുള്ളപ്പോഴാണ് ലോറി ഡ്രൈവറായ വിജേഷുമായുള്ള വിവാഹം നടന്നത്. വിജേഷ് വിസ്മയയെക്കാള്‍ 20 വയസ് മൂത്തതായിരുന്നു. പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ തുടക്കം മുതല്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

വിസ്മയ ഭര്‍ത്താവിന്‍റെ വീട്ടില്‍ അധികകാലം താമസിച്ചിട്ടില്ല. വലപ്പാട്ടെ സ്വന്തം വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് വിസ്മയയുടെ താമസം. വിജേഷ് ആഴ്ചയില്‍ രണ്ടുദിവസം ഇവിടെ എത്തുകയാണ് പതിവ്. വഴക്ക് പതിവായതോടെ വിസ്മയ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചു. വീട്ടുകാര്‍ക്കും അതിനോട് യോജിപ്പായിരുന്നു. എന്നാല്‍ വൈകി വിവാഹം കഴിച്ചതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയാറല്ല എന്നായിരുന്നു വിജേഷിന്‍റെ നിലപാട്.

ആംബുലന്‍സ് ഡ്രൈവര്‍ ഉറ്റസുഹൃത്ത്

രോഗിയായ അച്ഛനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ആംബുലന്‍സ് ഡ്രൈവറായ യുവാവിനെ വിസ്മയ പരിചയപ്പെടുന്നത്. അവര്‍ ഉറ്റ സുഹൃത്തുക്കളായി. രണ്ടാഴ്ച മുമ്പാണ് സുഹൃത്തിന്‍റെ വിവാഹം കഴിഞ്ഞത്. അതിനുശേഷം, വിസ്മയ മാനസിക വിഷമത്തിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികില്‍സ തേടുകയും ചെയ്തു. കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സൗകര്യത്തിനായി സ്ത്രീകളെ പാര്‍പ്പിക്കുന്ന ‘സഖി’ കേന്ദ്രത്തിലേക്ക് മാറാന്‍ വിസ്മയയുടെ അമ്മയും സഹോദരനും ആവശ്യപ്പെട്ടിരുന്നു.

സുഹൃത്തുമായുള്ള ബന്ധത്തില്‍ വിസ്മയയുടെ സഹോദരനും അസ്വസ്ഥനായിരുന്നു. വിജേഷും വിസ്മയയും തമ്മിലുള്ള പ്രശ്നങ്ങളും വിസ്മയയും സഹോദരനും തമ്മിലുള്ള അകല്‍ച്ചയും കൂടിവന്നു. പ്രശ്നം രൂക്ഷമായപ്പോള്‍ രണ്ടു വീട്ടുകാരും വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തി. വിസ്മമയയെ ‘സഖി’യിലേക്ക് മാറ്റാന്‍ രണ്ടു വീട്ടുകാരും പൊലീസിനോട് പറഞ്ഞു.എന്നാല്‍ വിസ്മയ എതിര്‍ത്തു. നിര്‍ബന്ധിച്ച് ‘സഖി’ കേന്ദ്രത്തിലേക്കയക്കാന്‍ പൊലീസിന് നിയമതടസമുണ്ടായിരുന്നു.

ഒടുവില്‍ പ്രശ്നങ്ങളില്ലാതെ സ്വന്തം വീട്ടില്‍തന്നെ താമസിക്കാമെന്ന ധാരണയില്‍ ഇരുകൂട്ടരും പൊലീസ് സ്റ്റേഷനില്‍ നിന്ന് പോയി.

അര്‍ധരാത്രി വീണ്ടും വഴക്ക്

പൊലീസ് സ്റ്റേഷനില്‍ നിന്ന് വിജേഷും വിസ്മയയുടെ വീട്ടിലേക്കാണ് പോയത്. ഉറങ്ങാന്‍ കിടക്കുംവരെ വഴക്കുണ്ടായിരുന്നില്ലെന്ന് വിസ്മയയുടെ അമ്മ പറയുന്നു. അര്‍ധരാത്രി കഴിഞ്ഞപ്പോഴാണ് മുറിയില്‍ നിന്ന് ബഹളം കേട്ടത്. എന്താണ് പ്രശ്നമെന്ന് ചോദിച്ച് സഹോദരന്‍ വാതില്‍ തുറന്നു. ഈസമയം അലമാരയില്‍ സൂക്ഷിച്ച മൂര്‍ച്ചയേറിയ ബ്ലേ‍ഡ് എടുത്ത് വിജേഷ് വിസ്മയയുടെ കഴുത്തില്‍ ആഴത്തില്‍ വരഞ്ഞു. പരിഭ്രാന്തിയിലായ സഹോദരന്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. വിസ്മയ പിടഞ്ഞ് പുറത്തേക്കോടി.

വീണ്ടും വാതിലടച്ച വിജേഷ് നാലു വയസുകാരന്‍ മകന്‍ ദക്ഷിനെയും കഴുത്തറത്തു. പിന്നെ സ്വന്തം കഴുത്തിലും വരഞ്ഞ് ജീവനൊടുക്കാന്‍ ശ്രമിച്ചു.

ശ്വാസംവിടാന്‍ ഇടം നല്‍കിയില്ല

വിജേഷ് – വിസ്മയ ബന്ധം ഉലയാന്‍ കാരണം ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസമാണെന്ന് ഉറ്റബന്ധുക്കളില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞു. വിസ്മയയെ മനസിലാക്കാന്‍ വിജേഷിനു കഴിഞ്ഞിരുന്നില്ല. എല്ലാം സംശയദൃഷ്ടിയോടെ കണ്ടു. സുഹൃദ് ബന്ധങ്ങള്‍ തടഞ്ഞു. ആണ്‍സുഹൃത്തുക്കളോട് സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതേച്ചൊല്ലി തര്‍ക്കങ്ങള്‍ പതിവായതോടെ വൈരാഗ്യമായി. അതാണ്, കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസും പറയുന്നത്.

വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു ജീവിതം വിസ്മയ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിസ്മയയെ അങ്ങനെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വിജേഷ്. കടുത്ത മാനസിക സമ്മര്‍ദം നേരിട്ട വിസ്മയയ്ക്ക് പിടിച്ചുനില്‍ക്കാനുമായില്ല. അതാണ്, ചികില്‍സ തേടേണ്ടി വന്നതും.

Vismaya Wanted a Divorce, Vijesh Opposed It: More Details Emerge in Thrissur Double Murder:

A 44-year-old man, identified as Vijesh, allegedly killed his 24-year-old wife, Vismaya, and their four-and-a-half-year-old son at her family home in Valapad, Thrissur, following ongoing marital disputes. According to the family, Vismaya had been living with her mother and brother due to marital problems and was considering divorce, while Vijesh reportedly opposed the separation. Vismaya had also been emotionally distressed following the recent marriage of a close friend, an ambulance driver she had met while taking her father to a hospital, and had sought professional mental health support. Police suspect that escalating marital conflicts, jealousy and restrictions on her friendships contributed to the killings; Vijesh allegedly attempted suicide after the attack