തൃശൂര് കാറളം സ്വദേശിനി സാവിത്രി (79) വീട്ടില് തനിച്ചായിരുന്നു. ഭര്ത്താവും മകനും മരുമകളും കൂടി ആശുപത്രിയില് പോയി. ഭര്ത്താവിനെ ഡോക്ടറെ കാണിക്കാന്. പേരക്കുട്ടി സ്കൂളില് നിന്ന് വന്നപ്പോള് മുത്തശി കട്ടിലില് മരിച്ചു കിടക്കുന്നു. കമ്മലുകള് ഒഴിക മറ്റെല്ലാം ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു. പതിനാറു പവന്. കാട്ടൂര് പൊലീസ് സ്റ്റേഷനില് കൊലപാതകത്തിന് എഫ്.ഐ.ആര് ഇട്ടു. അന്വേഷണമായി. ഡി.ഐ.ജി: എസ്.നാരായണന്, റൂറല് എസ്.പി.: മുഹമ്മദ് നദീം തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
‘ലാസ്റ്റ് സീന് തിയറി ’
ക്രൈം ഇന്വെസ്റ്റിഗേഷനില് പൊലീസ് ശ്രദ്ധിക്കുന്ന ഒന്നാണ് ലാസ്റ്റ് സീന് തിയറി. കൊല്ലപ്പെട്ടയാളെ അവസാനം കണ്ടതാര് ?. ആളുടെ പ്രൊഫൈല് വിശദമായി അന്വേഷിക്കും. കൊല നടന്ന സമയത്ത് ഇയാള് എവിടെയാണെന്ന് കൃത്യമായി ഉറപ്പുവരുത്തും. സാവിത്രിയെ അവസാനമായി വീട്ടുമുറ്റത്ത് കണ്ടത് അയല്വാസിയായ അന്പത്തിയെട്ടുകാരന് മുഹമ്മദ് റാഫിയാണ്. മുറ്റമടിക്കുന്നത് കണ്ടെന്നായിരുന്നു മൊഴി. റാഫിയുടെ ഭാര്യയോട് ഭര്ത്താവിനെക്കുറിച്ച് പൊലീസ് ചോദിച്ചു. സാവിത്രിയുടെ വീട്ടില് നിന്ന് വെട്ടുക്കത്തി വാങ്ങിയിരുന്നു . അത് മടക്കിക്കൊടുക്കാന് പോയിരുന്നു. അതിനു ശേഷം, വീട്ടില് എത്തി ചായ കുടിച്ചു. പിന്നെ, കുളിച്ചു. ബൈക്കില് പുറത്തുപോയി. ഉച്ചതിരിഞ്ഞ് എല്ലാ ദിവസവും കുളിക്കാറുണ്ടോ?. പൊലീസ് ചോദിച്ചു. ഇല്ലെന്നായിരുന്നു റാഫിയുടെ ഭാര്യ പറഞ്ഞത്. സംശയിക്കുന്നവരുടെ പട്ടികയില് ആദ്യ പേരുകാരന് റാഫിയായിരുന്നു.
വിരലടയാളം വേണം
റാഫി ഉള്പ്പെടെ അയല്വാസികളായ എട്ടു പേരുടെ വിരലടയാളങ്ങള് ശേഖരിക്കാന് പൊലീസ് വിളിച്ചു വരുത്തി. ഉള്പ്രദേശമാണ്. പുറത്തു നിന്നൊരാള് സാവിത്രിയെ വധിക്കാന് സാധ്യത കുറവാണ്. വീട്ടുകാര് പുറത്തു പോയത് അറിയാവുന്ന ഒരാള്. സാവിത്രിയുടെ ഭര്ത്താവും മകനും മരുമകളും കാറില് ആശുപത്രിയില് പോകാനിറങ്ങുമ്പോള് റാഫി വന്നിരുന്നു. കാറിലെ കാര് പ്ലേ ശരിയാക്കാന് റാഫി സഹായിച്ചിരുന്നു. വിരലടയാളം ശേഖരിക്കാന് പൊലീസ് ഉദ്യോഗസ്ഥന്റെ മുമ്പില് വന്നപ്പോള് റാഫി ചോദിക്കാതെ തന്നെ ഒരുപാട് കാര്യങ്ങള് പറഞ്ഞു. കൊലപാതകം നടന്ന ശേഷം മുറിയില് പോയിരുന്നു. തന്റെ വിരലടയാളം അവിടെയുണ്ടാകാന് സാധ്യതയുണ്ട്. ഡോക്ടറെ കൊണ്ട് താനാണ് മുറിയില് പോയത്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്. അപ്പോഴും പൊലീസിന് സംശയം ബലപ്പെട്ടു.
മുളകുപൊടി പായ്ക്കറ്റില് വിരലടയാളം
അതിബുദ്ധിമാനായ കൊലയാളി വിരലടയാളം പതിയാതിരിക്കാന് കയ്യുറ ധരിച്ചിരുന്നു. പ്ലാസ്റ്റിക് കവര് പോലുള്ള കയ്യുറകള്. ഇതിന്റെ ഒരുഭാഗം സാവിത്രിയുടെ വായിലുണ്ടായിരുന്നു. കഴുത്തു ഞെരിച്ച സമയത്ത് കടിച്ചതായിരിക്കണം. ഈ കയ്യുറകള് സാവിത്രിയുടെ മൃതദേഹത്തിനടിയില് ഒളിപ്പിച്ചു. അതിനു ശേഷമാണ്, മുളകുപൊടി പായ്ക്കറ്റ് പൊട്ടിച്ച് മുറിയിലാകെ വിതറുന്നത്. ആ പായ്ക്കറ്റ് അവിടെതന്നെ ഇട്ടിരുന്നു. ഈ പായ്ക്കറ്റില് നിന്ന് വിരലയാള വിദഗ്ധര് വിരലടയാളം ശേഖരിച്ചു. ഇതും റാഫിയുടെ വിരലടയാളവും ഒത്തുവന്നു. പിന്നാലെ, റാഫിയെ പൊലീസ് വിളിച്ചു. വാടാനപ്പിള്ളിയിലാണെന്ന് മറുപടി. ഈ സമയം, ടവര് ലൊക്കേഷന് മറ്റൊരിടത്തും. റാഫിയുടെ ടവര് ലൊക്കേഷനുള്ള ഭാഗത്തേയ്ക്കു രണ്ടു പൊലീസ് ഉദ്യോഗസ്ഥര് യാത്ര പുറപ്പെട്ടു. ചായ കുടിക്കാന് ഈ ഉദ്യോഗസ്ഥര് ബൈക്ക് നിര്ത്തി. ഇതിനിടെ, മറ്റൊരു ബൈക്കില് ഒരാള് ഇവരുടെ മുമ്പില് വന്ന് നിന്നു. അയാള് ഫോണില് സംസാരിക്കുകയാണ്. ഈ ഉദ്യോഗസ്ഥര് നേരെ ഇയാളോട ്പേര് ചോദിച്ചു. റാഫിയെന്ന് പറഞ്ഞു. ഉടനെ, ബൈക്കിന്റെ താക്കോല് ഊരി. കയ്യോടെ പിടികൂടി.
Also Read:ഗള്ഫില് നിന്നും വന്ന ശേഷം കടം; പണം ലക്ഷ്യമിട്ട് കൊല; മുളക് പൊടിയുടെ കവറിലെ വിരലടയാളം കുടുക്കി
കഥകളുടെ പെരുമഴ
റാഫിയെ ജീപ്പ് വിളിച്ചു വരുത്തി കൊണ്ടുപോകുമ്പോള് ഉദ്യോഗസ്ഥരോടു റാഫി ഒരുപാട് കഥകള് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ടു പേരെ കണ്ടു. അവര് എന്നെയും ഭീഷണിപ്പെടുത്തി. വീട്ടില് നിന്ന് സ്വര്ണം കിട്ടിയല്ലോ ?. എന്ന് പൊലീസ് വെറുതെ പറഞ്ഞതായിരുന്നു. ഇതു കേട്ടപ്പാടെ റാഫി എല്ലാം തുറന്ന് പറഞ്ഞു. വീട്ടില് മറ്റാരുമില്ലെന്ന് മനസിലായപ്പോള് സാവിത്രിയെ വധിക്കാന് പദ്ധതിയിട്ടു. കടംവീട്ടാന് സ്വര്ണം തട്ടിയെടുക്കാന് തീരുമാനിച്ചു. സ്വര്ണം കുറച്ച് രണ്ടിടത്തായി ഇന്നലെതന്നെ വിറ്റു. ബാക്കിയുള്ള സ്വര്ണം ശുചിമുറിയിലെ ഫ്ളഷ് ടാങ്കിനകത്ത് ഒളിപ്പിച്ചു. ഇതെല്ലാം, പൊലീസ് പിന്നീട് കണ്ടെടുത്തു.
സാവിത്രിയുടെ മകന്റെ വീട്ടിലെ വാടകക്കാരന്
മുഹമ്മദ് റാഫിയും ഭാര്യയും മൂന്നു മക്കളും സാവിത്രിയുടെ മകന്റെ വീട്ടില് വാടകക്കാരനായിരുന്നു. നാലരവര്ഷമായി താമസിക്കുന്നു. 2600 സ്ക്വയര് ഫീറ്റ് വീട്. പ്രതിമാസ വാടക പതിനായിരം രൂപ. കൃത്യമായി വാടക തരും. എന്തു സഹായത്തിനും ഓടിയെത്തും. സാവിത്രിയ്ക്കാണെങ്കില് മകനോടുള്ള വാല്സല്യം റാഫിയോടുമുണ്ടായിരുന്നു. പക്ഷേ, റാഫി കൊലയാളിയുടെ രൂപമെടുത്തപ്പോള് സാവിത്രിയ്ക്കു നഷ്ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു.
കൊല നടന്ന ദിവസം എസ്.പിയോടും സംസാരിച്ചു
കൊലപാതക വിവരമറിഞ്ഞ് വീട്ടില് എത്തിയ തൃശൂര് റൂറല് എസ്.പി. : മുഹമ്മദ് നദീമിനോട് കൊലയാളി റാഫി കാര്യമായി സംസാരിച്ചു. സാവിത്രിയെ അവസാനം കണ്ട കാര്യങ്ങള് ഉള്പ്പെടെ. മഴനനഞ്ഞു നിന്ന പൊലീസ് ഉദ്യോഗസ്ഥര്ക്ക് ചൂടാന് കുടയും വീട്ടില് നിന്ന് കൊണ്ടുകൊടുത്തു ഈ റാഫി. അങ്ങനെ, പൊലീസിന്റെ വഴികാട്ടിയായും സഹായിയായും കൂടെനടന്ന ആള് കൊലയാളിയാണെന്ന് അറിഞ്ഞത് വിരലടയാളങ്ങള് ഒത്തുനോക്കിയപ്പോഴായിരുന്നു. പൊലീസും ഞെട്ടി. 48 മണിക്കൂറിനുള്ളില് കൊലയാളിയെ പിടിച്ചു.തൃശൂര് റൂറല് പൊലീസിന്റെ സമര്ഥമായ അന്വേഷണമാണ് വഴിത്തിരിവില് എത്തിയത്.