പ്രതീകാത്മക ചിത്രം
താന്‍ സിനിമ നിര്‍മിക്കാന്‍ തയാറെടുക്കുകയാണെന്നും നായികയാക്കാമെന്നും വിശ്വസിപ്പിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരന്‍ അറസ്റ്റില്‍. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ നിർമാതാവാണെന്നും അതിൽ അഭിനയിപ്പിക്കാമെന്നും പറഞ്ഞാണ് ക്ഷണിച്ചതെന്നും പെൺകുട്ടി വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി.
Alos Read: വയനാട് ട്രാവലര്‍ തലകീഴായി മറിഞ്ഞു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
അഭിനയിപ്പിക്കുന്നതിനായി പെണ്‍കുട്ടിയില്‍ നിന്നും 10,000 രൂപയും നാസിം വാങ്ങിയെന്നാണ് മൊഴി. എന്നാല്‍ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു.
പണം രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് തിരികെ തരാം എന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം അവിടെ കാത്തുനിന്നുവെന്നും കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നുമാണ് മൊഴി. ഇതിനിടെ സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു പെണ്‍കുട്ടി.
നാസിമിന്റെ വീട്ടിലെ ലൊക്കേഷൻ സുഹൃത്തിന് മൊബൈലിൽ അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.