ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണക്കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം. മോഷ്ടിച്ച ലഹരി ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റ് വൻ ലാഭമുണ്ടാക്കുകയായിരുന്നു പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. സബിത്തിന്റെ പ്രധാന ലക്ഷ്യം. തൊണ്ടിമുതൽ കടത്താനും ഒളിപ്പിക്കാനും സബിത്തിനെ സഹായിച്ച കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിന്റെ പൂട്ട് തുറന്ന് പ്രതി സബിത്ത് ഒറ്റയ്ക്കാണ് ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളും പുറത്തെത്തിച്ച് സ്വന്തം കാറിൽ കയറ്റിയത്. ജൂലൈ 19-ന് രാത്രിയായിരുന്നു ഈ ഓപ്പറേഷൻ. തുടർന്ന് 25 കിലോമീറ്റർ അകലെയുള്ള കൽപ്പറ്റയിലെത്തിച്ച് സുഹൃത്തിന്റെ വർക്‌ഷോപ്പിനോട് ചേർന്നുള്ള ആക്രി ഗോഡൗണിൽ സാധനങ്ങൾ ഒളിപ്പിച്ചു.
ലഹരി വിപണിയിൽ വൻ വിലയുള്ള 13800 ല്‍ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ് പണമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ മോഷണവിവരം പുറത്തറിഞ്ഞതോടെ പദ്ധതി പാളി. ഇതോടെ ലഹരിച്ചാക്കുകൾ കൽപ്പറ്റയിൽ നിന്ന് വീണ്ടും ബത്തേരിയിലെത്തിച്ച് പൊലീസ് ക്വാർട്ടേഴ്‌സിന് സമീപമുള്ള അടച്ചുറപ്പില്ലാത്ത മുറിയിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഇതിനായി ലഹരി ഇടപാടുകാരല്ലാത്ത ചിലരുടെ സഹായം സബിത്തിന് ലഭിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്ന് സാധനങ്ങൾ അതിവേഗം ബത്തേരിയിലേക്ക് മാറ്റാൻ സഹായിച്ച ആളുകൾ ആരൊക്കെയാണെന്നതിലാണ് പൊലീസ് ഇപ്പോൾ വ്യക്തത വരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാണ്.
പ്രതിയെ അതിവേഗം കുടുക്കുകയും തൊണ്ടിമുതൽ മുഴുവൻ വീണ്ടെടുക്കുകയും ചെയ്ത അന്വേഷണ സംഘത്തിന് ഡിഐജിയുടെ പ്രത്യേക അനുമോദനം ലഭിച്ചു. എറണാകുളത്ത് നിന്ന് പിടിയിലായ സബിത്ത് കുറ്റം സമ്മതിച്ചതായും സഹായികളുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ബത്തേരി ഡിവൈഎസ്പി എം.എ. അബ്ദുൽ കരീം അറിയിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.