Ai Generated Image
രാത്രികാല പെട്രോളിങിനിടെ യുവതി ജീവനൊടുക്കാന്‍ പോവുന്ന വിവരമറിഞ്ഞ് പൊലീസ് എത്തുന്ന ഒരു സീന്‍ റോഷന്‍ മാത്യുവും ദിലീഷന്‍ പോത്തനും അഭിനയിച്ച 'റോന്ത്' സിനിമയിലുണ്ടായിരുന്നു. ഇതിനോട് സമാനായ സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട് കാക്കൂരിലുണ്ടായത്. കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങിയ ആളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നാണ് പൊലീസ് സിനിമായിലേതുപോലെ ഹീറോയായത്. കാക്കൂര്‍ പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ജീവിതം തിരിച്ചുകിട്ടിയതാക്കട്ടെ, 48 കാരനും. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, സി.പി.രജീഷ്, ഹോം ഗാര്‍ഡ് രന്തന്‍ യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച് ഹീറോസായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്‍ട്രോള്‍ റൂമിലേക്ക് ഒരുഫോണ്‍ വിളിയെത്തി. ഇരുവള്ളൂര്‍ സ്വദേശിയാണെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നുമെന്നായിരുന്നു ഉള്ളടക്കം. ഉടന്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ വിവരം കാക്കൂര്‍ പൊലീസിന് കൈമാറി. രാത്രികാല പെട്രോളിങിലുണ്ടായിരുന്ന പൊലീസുകാര്‍ യുവാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. യുവാവിന്‍റെ സഹോദരനുമായി ബന്ധപ്പെട്ട് വീട് കണ്ടെത്തി.
പൊലീസെത്തുമ്പോള്‍ വീട് ഉള്ളില്‍ നിന്ന് പൂട്ടി മെയിന്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. ഇതോടെ വീടിന്‍റെ പിന്‍വാതില്‍ തളളിതുറന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് ജനല്‍കമ്പിയില്‍ തൂങ്ങിയനിലയിലായിരുന്നു യുവാവ്. ഉടന്‍ കുരുക്കഴിച്ച് യുവാവിന് പ്രാഥമികശുശ്രൂഷ നല്‍കി. ആത്മഹത്യ ഒന്നിനും ഒരുപരിഹാരമല്ലെന്ന് യുവാവിനെ ബോധ്യപ്പെട്ടുത്തിയ ശേഷമാണ് പൊലീസ് സ്ഥലത്തുനിന്ന് മടങ്ങിയത്. കുടുംബപ്രശ്നമാണ് യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.