നിങ്ങൾ ഒടുവില്‍ ഒരു ഡോക്ടറെ കണ്ടത് എപ്പോഴാണ്? അദ്ദേഹം ചിലപ്പോ മരുന്ന് എഴുതിത്തന്നിട്ടുണ്ടാകും... "ഒന്നും പേടിക്കണ്ട... രണ്ട് ദിവസം കൊണ്ട് മാറും." എന്നും പറഞ്ഞിട്ടുണ്ടാകും. ഇനി മറ്റുചിലര്‍ക്ക് ഡോക്ടറെ കാണുമ്പോള്‍ തന്നെ രോഗം മാറുന്നതും കണ്ടിട്ടുണ്ട്. കാരണം നമ്മൾ എല്ലാവരും വിശ്വസിക്കുന്നത് ഡോക്ടര്‍ എന്ന പൊസിഷനെയാണല്ലേ.
ഒരിക്കല്‍ ഇംഗ്ലണ്ടിലെ ഒരു ചെറുപട്ടണത്തില്‍, ഒരു ഡോക്ടര്‍ പതിവ് പരിശോധനയ്ക്കായി പ്രായമായ ഒരു സ്ത്രീയുടെ വീട്ടിലെത്തി.
കുറച്ചുനേരം അദ്ദേഹം അവരോട് സംസാരിച്ചു, പരിശോധിച്ചു, കുഴപ്പമൊന്നുമില്ല. എല്ലാം നോര്‍മലാണെന്ന് പറഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മണിക്കൂറുകൾക്കുള്ളിൽ ആ സ്ത്രീ മരിച്ചു. കുടുംബം അത് സ്വാഭാവിക മരണമാണെന്ന് കരുതി. ഡോക്ടറും അതുതന്നെ പറഞ്ഞു. ആ സംഭവം ആരും പിന്നീട് ഓർത്തതുപോലുമില്ല.
കുറച്ചുകാലം കഴിഞ്ഞ് അതുപോലൊരു സംഭവം വീണ്ടും ഉണ്ടായി. അതേ ഡോക്ടർ. അതും 'സ്വാഭാവിക മരണം'. പിന്നീട് ഇടവേളകളില്‍ ഈ മരണക്കഥ ആവർത്തിച്ചുകൊണ്ടിരുന്നു.
ഇത്തരം മരണങ്ങള്‍ പലര്‍ക്കും അസ്വാഭാവികമായി തോന്നുകയും ചെയ്തു. എന്നാല്‍ ആരും ആ ഡോക്ടറെ സംശയിച്ചില്ല. കാരണം അദ്ദേഹം ആ പട്ടണത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഡോക്ടറായിരുന്നു. രോഗികൾക്ക് പ്രിയപ്പെട്ടവൻ. വീടുകളിലെത്തി ചികിത്സിക്കുന്നയാള്‍. പക്ഷേ, വർഷങ്ങൾക്കുശേഷം നടന്ന ഒരു അന്വേഷണത്തില്‍ ആ മുഖംമൂടി അഴിഞ്ഞുവീണു. അയാള്‍ ജീവന്‍ രക്ഷിക്കുകയായിരുന്നില്ല. ഇരുന്നൂറ്റിയന്‍പതിലേറെ മനുഷ്യരുടെ ജീവന്‍ അയാള്‍ അപഹരിക്കുകയായിരുന്നു എന്നാണ് അന്വേഷണങ്ങള്‍ പറയുന്നത്.
'Dr. Death – ഹാരോൾഡ് ഫ്രെഡറിക് ഷിപ്മാൻ' അതായിരുന്നു അയാളുടെ പേര്.
1946 ജനുവരി 14-ന് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിൽ ഒരു സാധാരണ തൊഴിലാളി കുടുംബത്തിലായിരുന്നു ഹാരോള്‍ഡിന്‍റെ ജനനം. പഠനത്തിൽ മുന്നിൽ. സ്പോര്‍ട്സിലും മിടുക്കന്‍. അധ്യാപകര്‍ക്കും അയൽക്കാര്‍ക്കും പ്രിയങ്കരന്‍. പുറമെ നോക്കിയാല്‍ ഒരു സാധാരണ ജീവിതം. പക്ഷേ ഹാരോള്‍ഡിന് 17 വയസുള്ളപ്പോള്‍ അയാളുടെ അമ്മയ്ക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചു. അസഹ്യമായ വേദനയിൽ കഴിയുന്ന അമ്മയ്ക്ക് ഡോക്ടർമാർ മോർഫിൻ ഇൻജക്ഷൻ നൽകുമായിരുന്നു. ഓരോ തവണയും ആ ഇൻജക്ഷൻ കഴിഞ്ഞാൽ അമ്മയുടെ വേദന കുറയുന്നത് കണ്ട് ഹാരോള്‍ഡും ആശ്വസിച്ചു. മെല്ലെ ആ കാഴ്ച അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അമ്മ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം ഹാരോള്‍ഡ് വിവാഹിതനായി. നാല് മക്കളുടെ പിതാവായി.
കുടുംബജീവിതം മുന്നോട്ടുപോയെങ്കിലും ഹാരോള്‍ഡിന്‍റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഒരു ഡോക്ടറാകുക. മെഡിക്കല്‍ പഠനം പൂർത്തിയാക്കിയ ശേഷം വെസ്റ്റ് യോർക്ക്ഷറിലെ ടോഡ്മോർഡനിൽ ജനറൽ പ്രാക്ടീഷണർ ആയി ഹാരോള്‍ഡ് ജോലിയില്‍ പ്രവേശിച്ചു. വൈകാതെ തന്നെ അദ്ദേഹം നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറി.
രോഗികളോട് സംസാരിക്കുന്ന രീതി, വീടുകളിലെത്തി ചികിത്സ നൽകുന്ന ശീലം, എപ്പോഴും പുഞ്ചിരിയോടെ പെരുമാറുന്ന സ്വഭാവം, ഇതെല്ലാം ഹാരോള്‍ഡിന്‍റെ പ്രതിച്ഛായ വളര്‍ത്തി. പക്ഷേ 1970-ല്‍ പെത്തഡിൻ എന്ന ശക്തമായ പെയിൻകില്ലർ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് അദ്ദേഹം പിടിക്കപ്പെട്ടു. ജോലി നഷ്ടമായി. കോടതി ശിക്ഷിച്ചു. റീഹാബിലിറ്റേഷൻ പൂർത്തിയാക്കിയ ശേഷം മാഞ്ചസ്റ്ററിന് അടുത്തുള്ള ഹൈഡ് എന്ന പട്ടണത്തിലേയ്ക്ക് താമസം മാറ്റി.
നല്ലൊരു ഡോക്ടര്‍, ഒരു തെറ്റുപറ്റി. ഇനി അദ്ദേഹം നല്ലമനുഷ്യനായി തുടരുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഹാരോള്‍ഡ് സല്‍പ്പേര് വീണ്ടെടുത്തു. സ്വന്തം ക്ലിനിക്ക് ആരംഭിച്ചു.
എന്നാല്‍ പിന്നീടുള്ള കാലഘട്ടം ആ നാട്ടില്‍ മരണം കളിയാടിയ കാലമായിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളിലാത്ത പ്രായമാവരെ ഡോക്ടര്‍ വീട്ടിലെത്തി പരിശോധിക്കും. ഡോക്ടര്‍ പോയി കുറച്ചുനേരം കഴിയുമ്പോള്‍ രോഗി മരിച്ചെന്ന വാർത്ത വരും. എല്ലാം സ്വാഭാവികമരണങ്ങള്‍. കാരണം, മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് പലപ്പോഴും ഹാരോള്‍ഡ് തന്നെയായിരുന്നു. മരണാനന്തര ചടങ്ങുകളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
വെറുതെ പോലും ആ ഡോക്ടറെ സംശയിക്കാന്‍ ആര്‍ക്കും കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഹാരോള്‍ഡിന്‍റെ ആദ്യത്തെ ഇര 71 വയസ്സുള്ള സ്ത്രീയായിരുന്നു. 1975ല്‍. പിന്നീടങ്ങോട്ട് ഒന്നിനുപിറകെ ഒന്നായി മരണങ്ങള്‍.
1998ല്‍ മറ്റുചില ഡോക്ടർമാർ ഒരുകാര്യം ശ്രദ്ധിച്ചു. ഹാരോൾഡ് ഷിപ്മാന്റെ രോഗികളില്‍ മരണനിരക്ക് വളരെക്കൂടുതല്‍. പ്രാദേശിക ഫ്യൂണറൽ ഡയറക്ടേഴ്സും അത് ശ്രദ്ധിച്ചു. സംസ്കാരത്തിനെത്തുന്ന മൃതദേഹങ്ങളില്‍ ഏറെയും ഷിപ്മാന്റെ രോഗികളുടേതാണ് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. ചെറിയ സംശയങ്ങള്‍ ഉടലെടുത്ത് തുടങ്ങി. അതുകൊണ്ടുമാത്രം തെളിയിക്കാനാവില്ലല്ലോ. എന്നാല്‍ ഏതൊരു സീരിയല്‍ കുറ്റവാളെയയും പോലെ ഹാരോള്‍ഡിനും പിടിവീണത് ഒരു ചെറിയ പിഴവിലൂടെയായിരുന്നു.
കാത്‍റിന്‍ ഗ്രണ്ടി എന്ന എണ്‍പത്തൊന്നുകാരി അപ്രതീക്ഷിതമായി മരണപ്പെട്ടു. ഷിപ്മാന്‍ അതിനെ സ്വാഭാവിക മരണമെന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് പുറത്തുവന്ന ഒരു വില്‍പ്പത്രത്തില്‍ സ്വത്തുക്കള്‍ മുഴുവന്‍ ഹരോൾഡ് ഷിപ്മാന് നല്‍കണമെന്ന് എഴുതിയിരുന്നു. സ്വന്തം മകൾക്ക് ഒന്നുമില്ല. മകൾക്ക് ഇത് വിശ്വസിക്കാനായില്ല. അവൾ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യപ്പെട്ടു.
അമിതമായി മോര്‍ഫീന്‍ ഉള്ളില്‍ച്ചെന്നതാണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത നുണയുടെ കോട്ടകള്‍ അതോടെ പൊളിഞ്ഞുവീണു. ഹാരോള്‍ഡ് സ്വാഭാവികമെന്ന് കുറിച്ച പല മരണങ്ങളിലും വീണ്ടും അന്വേഷണം ഉണ്ടായി. വർഷങ്ങള്‍ക്ക് മുന്‍പുനടന്ന കൊലപാതകങ്ങൾ വരെ ഒന്നൊന്നായി പുറത്തുവന്നു.
എന്തായിരുന്നു കാരണം?
ഹാരോള്‍ഡ് ഒരിക്കലും കുറ്റം സമ്മതിച്ചില്ല. അന്വേഷണങ്ങളും മനഃശാസ്ത്ര വിദഗ്ധരുടെ വിലയിരുത്തലുകളും പറയുന്നത്, മോര്‍ഫിന്‍ വഴി വേദന കുറയുന്നത് കണ്ട അനുഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കാം. പിന്നീട് അതേ രീതിയിൽ പ്രായമായ രോഗികൾക്ക് മോര്‍ഫിന്‍ ഓവര്‍ഡോസ് നൽകി കൊല്ലുകയായിരുന്നു. അവരെ വേദനയിൽ നിന്ന് മോചിപ്പിക്കുകയാണെന്നാണ് ഹാരോള്‍ഡ് വിശ്വസിച്ചിരുന്നതും.
2000-ൽ ഹാരോള്‍ഡ് 15 കൊലപാതകങ്ങളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2004 ജനുവരി 13-ന് വേക്ക്ഫീൽഡ് ജയിലില്‍ സ്വന്തം സെല്ലിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് ഹാരോള്‍ഡ് ആത്മഹത്യ ചെയ്തു. പക്ഷേ അദ്ദേഹത്തോടൊപ്പം ഈ കഥ അവസാനിച്ചില്ല. പിന്നീട് നടന്ന ഹരോള്‍ഡ് എന്‍ക്വയറിയില്‍ കുറഞ്ഞത് 215 കൊലപാതകങ്ങൾ സ്ഥിരീകരിക്കുകയും, യഥാർഥ എണ്ണം ഏകദേശം 250 വരെ എത്തിയിരിക്കാമെന്നും നിഗമനത്തിലെത്തുകയുമായിരുന്നു. ഇതൊരു മനോവൈകല്യമുള്ളയാളുടെ ചെയ്തികളാണ്. ഒരു ഡോക്ടറായിപ്പോയി എന്നതുകൊണ്ട് ആ ജോലിയുടെ മഹത്വം ഒരിക്കലും കുറയില്ല.