മദ്യപിച്ച് സ്കൂളിലെത്തി പരിസരത്തെല്ലാം മലമൂത്രവിസര്‍ജനം നടത്തുകയും കുട്ടികളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത പ്രധാന അധ്യാപകന്‍ പിടിയില്‍. ബിഹാറിലെ മൈഹറിലാണ് സംഭവം. അമര പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനാണ് പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പ്രധാനാധ്യാപകൻ സ്ഥിരമായി മദ്യലഹരിയിലാണ് സ്കൂളിൽ എത്തുന്നത്. സ്കൂളിനുള്ളിൽ മലമൂത്രവിസർജനം നടത്തുകയും അത് കുട്ടികളെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയും ചെയ്യുന്നുവെന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്കൂളിൽ ഉടനീളം ഗുട്ക ചവച്ച് തുപ്പിയ നിലയിലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്കൂൾ ചുമരുകളിലും പരിസരങ്ങളിലും കറകൾ വ്യക്തമായി കാണാൻ സാധിക്കും.
രാവിലെ സ്കൂളിൽ എത്തേണ്ട സമയത്ത് എത്താതെ, ഉച്ചയ്ക്ക് 11 മണിക്കും 12 മണിക്കും ഇടയിലാണ് പ്രധാനാധ്യാപകൻ സ്കൂളിൽ എത്താറുള്ളത്. ഇതേതുടർന്ന് കുട്ടികൾ വെറുതെ അലഞ്ഞുതിരിയുന്നതായും രക്ഷിതാക്കൾ പരാതിപ്പെടുന്നു. സ്കൂളിൽ കൃത്യസമയത്ത് ഉച്ചഭക്ഷണം നൽകുന്നില്ലെന്നും കുട്ടികൾക്ക് ശരിയായ പഠനം ലഭിക്കുന്നില്ലെന്നും രക്ഷിതാക്കളായ രാധാ ദ്വിവേദി, ക്രാന്തി യാദവ്, രുക്മിണി ബങ്കർ എന്നിവർ ആരോപിച്ചു.
സ്കൂളിൽ ടാബ്‌ലെറ്റിൽ യൂട്യൂബ് വീഡിയോകൾ കാണുന്നതിനിടയിലാണ് മാധ്യമങ്ങൾ പ്രധാനാധ്യാപകനെ കണ്ടെത്തിയത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ രാജേഷ് ദ്വിവേദി പ്രതികരിച്ചു. കുറ്റക്കാരനായ അധ്യാപകന് ക്ലസ്റ്റർ പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (DEO) ശുപാർശ അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.