കോഴിക്കോട് അധ്യാപകരുടെ നേതൃത്വത്തിലുള്ള ലഹരികച്ചവടത്തിലെ ഒരു കണ്ണി കൂടി പൊലീസ് പിടിയില്‍. ചെങ്ങരോത്ത് ഓട്ടിസം സെന്ററിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായ പേരാമ്പ്ര ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മയാണു അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. മൂവരും പേരമ്പ്ര ബി.ആര്‍.സിയിലെ താത്കാലിക അധ്യാപികമാരാണ്. കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപികയാണ്. 

സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കീർത്തനയെയും കാവ്യയെയും സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. നീഷ്മയെയും ഇന്ന് പിരിച്ചുവിട്ടു. ലഹരി വിൽപനയുടെ പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് അറസ്റ്റിലേക്കെത്തിയത്. അടുത്ത സുഹൃത്തുക്കളായ അധ്യാപികമാർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വടകര ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.

 ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കീർത്തനയെ ജൂലൈ 11നു അറസ്റ്റുചെയ്തത്. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നാണു കാവ്യയിലേക്കും നീഷ്മയിലേക്കുമെത്തിയത്. അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ ഇടപാട്. ജൂൺ 28ന് വടകര ആവിക്കലിൽ സഫ്‌വാൻ എന്നയാള്‍ രണ്ടു ഗ്രാം എംഡിഎംഎയുമായി പിടിയിലായതോടെയാണ് കേരളത്തെ നടുക്കുന്ന അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ലഹരി സംഘത്തിലേക്കുള്ള സൂചന പുറത്തായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പണം കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് അയച്ചെന്നു മനസിലായത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണു അധ്യാപികമാരുടെ പങ്ക് തിരിച്ചറിഞ്ഞതും അറസ്റ്റിലേക്കെത്തിയതും.

ഓൺലൈൻ വഴി 2000 രൂപ വീതം കൈപ്പറ്റിയ ശേഷം  ലഹരിക്കായി എത്തേണ്ട സ്ഥലത്തിന്റെ ഗൂഗിള്‍ ലോക്കേഷന്‍ അയച്ചുനല്‍കും. ഇവിടെയെത്തി സംഘത്തിലെ മറ്റംഗങ്ങള്‍ ലഹരി കൈമാറുന്നതായിരുന്നു രീതി. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി എത്തിക്കുന്നവരുമായി ബന്ധപ്പെട്ടിരുന്നത്. അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് ഇവർ നടത്തിവന്നതെന്നും കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നതെങ്കിലും ഈ വരുമാനത്തേക്കാൾ ആഡംബരം നിറഞ്ഞ ജീവിത രീതിയായിരുന്നു ഇവരുടേത്. മംഗളൂരുവിലെ ഒരു സുഹൃത്താണ് ഇവരെ ലഹരിമരുന്നു മാഫിയയുമായി ബന്ധമുണ്ടാക്കിയതെന്നും കണ്ടെത്തി. വലിയ ലഹരി സംഘത്തിലെ ചെറുകണ്ണികള്‍ മാത്രം.

ENGLISH SUMMARY:

Teachers involved in drug dealing is a growing concern, with a recent bust in Kozhikode revealing a network linked to an autism center specialist. This marks a significant development in ongoing investigations into organized drug operations within educational circles.