• 25 വയസുള്ള പി. വംശി എന്ന യുവാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പെഴുതി ജീവനൊടുക്കി. കുറിപ്പിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസായും പങ്കുവെച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പെഴുതി ജീവനൊടുക്കി യുവാവ്. തെലങ്കാന രാജന്ന സിർസില്ല ജില്ലയിലെ ഗൊല്ലപ്പള്ളി ഗ്രാമത്തിലെ പി. വംശി (25) ആണ് ബുധനാഴ്ച രാത്രി വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മരണത്തിന് ഉത്തരവാദിയെന്ന് എഴുതിയ മരണക്കുറിപ്പിന്‍റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആയും യുവാവ് പങ്കുവച്ചിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, പ്ലസ് ടു വരെ പഠിച്ച വംശി ഒരു പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു.  ബുധനാഴ്ച വൈകിട്ട് മദ്യപാനശീലത്തെച്ചൊല്ലി വംശിയും അമ്മ ഭാരതിയും തമ്മിൽ തർക്കമുണ്ടായി. പിന്നീട് വൈകിട്ട് 6 മണിക്ക് വീട്ടില്‍ നിന്നും ദേഷ്യപ്പെട്ടു ഇറങ്ങി പോയ വംശി രാത്രി 10 മണിയോടെയാണ് തിരികെയെത്തിയത്. തിരികെയെത്തിയ യുവാവ് അമിതമായി മദ്യപിച്ചിരുന്നു. അത്താഴം കഴിച്ച ശേഷം യുവാവ് മുറിയിലേക്ക് പോയി. 

അടുത്ത ദിവസം രാവിലെ 6 മണിയോടെ യുവാവിന്‍റെ മുറിയില്‍ ടിവി പ്രവര്‍ത്തിക്കുന്നതിന്‍റെ ശബ്ദം കേട്ട അമ്മ മുറിയിലേക്ക് ചെന്നപ്പോഴാണ് മകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തി വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് പരിശോധനയില്‍ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തി. തെലുങ്ക് ഭാഷയിലുള്ള ആ കുറിപ്പിൽ എഴുതിയിരിക്കുന്നതിങ്ങനെയാണ്...– ‘ബഹുമാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരേ, എന്റെ ദുരിതം നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു. എന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിന്‍റെ പേരില്‍ എന്‍റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുത്’.

വംശി തന്റെ ഫോൺ മുറിയിലെ തട്ടിൻപുറത്തേക്ക് എറിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് സംഘം ഫോണ്‍ കണ്ടെത്തിയത്. എന്തിനാണ് ഇത്തരമൊരു കുറിപ്പ് എഴുതിയതെന്ന് കുടുംബാംഗങ്ങൾക്ക് വ്യക്തമല്ല. അവർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

In a shocking incident in Gollapalli village, Rajanna Sircilla district, Telangana, a 25-year-old painter named P. Vamshi ended his life on Wednesday night. Before his death, Vamshi left a suicide note in Telugu blaming Prime Minister Narendra Modi for his distress and death, urging the police not to harass his family. He also uploaded a image of the note as his WhatsApp status. According to the police, Vamshi had returned home heavily intoxicated following a argument with his mother over his drinking habits. Police found the note in his room and subsequently recovered his phone from the attic. The family has no political affiliations, and the police are currently investigating the true motive behind the incident.