തിരുവനന്തപുരത്ത് രാത്രിയിൽ ഭക്ഷണം കഴിക്കാൻ എത്തിയ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വഴുതക്കാട് ശ്രീമൂലം ക്ലബിനടുത്ത് ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ ഉപദ്രവിച്ച തമ്പാനൂർ രാജാജി നഗർ ടി.സി 26/1165 ൽ വിവേക് (28), കാഞ്ഞിരംപാറ വി.കെ.പി നഗർ ടി.സി 7/439ൽ അരുൺകുമാർ(33) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 8 മണിക്ക് ശേഷമായിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവതി വഴുതക്കാട് ജംഗ്ഷനിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. അരുണും, സുഹൃത്തായ വിവേകും ഓട്ടോറിക്ഷയിൽ കോട്ടൺഹിൽ ഭാഗത്തേക്ക് വരികയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓട്ടോ ക്ലബ്ബിന് സമീപം നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു.
ഓട്ടോ ഓടിച്ചിരുന്നത് അരുണായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ യുവാക്കൾ പുറത്തിറങ്ങി. സംഭവത്തെക്കുറിച്ച് വിവരം തിരക്കാനെത്തിയ യുവതിയെ ബഹളത്തിനിടെ യുവാക്കളിലൊരാളായ വിവേക് കടന്നുപിടിക്കുകയായിരുന്നു. അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട വിവേകിനെ പേരൂർക്കടയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്.