Untitled design - 1

TOPICS COVERED

പത്തനംതിട്ട കോന്നിയിലെ 13 വയസുകാരിയുടെ വ്യാജ പീഡനപരാതിയില്‍ പൊലീസിനെതിരെ യുവാവ്. കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം. കാലില്‍ ബൂട്ടിട്ട് ചവിട്ടിയും മുടിയില്‍ പിടിച്ചുവലിച്ചും ഉപദ്രവിച്ചു. കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടിക്കുകയും ചെയ്തു.ബൈപാസ് സര്‍ജറി കഴിഞ്ഞതാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു എന്നാണ് പരാതി.  പൊലീസ് ചെവിയില്‍ പിടിച്ച് കറക്കിയെന്നും യുവാവ് മനോരമ ന്യൂസിനോട് പറഞ്ഞു. 

 

കയ്യില്‍ വിലങ്ങിട്ട് കസേരയുടെ കാലില്‍ കൊളുത്തിയ നിലയിലാണ് യുവാവിനെ സ്റ്റേഷനില്‍ നിര്‍ത്തിയത്. കാലില്‍ അടിയേറ്റതിന്‍റേയും ചവിട്ടിയതിന്‍റേയും പാടുകള്‍ ഉണ്ട്. ചെവിയിലും പാടുകള്‌ കാണാം. മൂന്നാംതീയതി വൈകിട്ട് മുതല്‍ ഇന്നലെ വൈകിട്ട് വരെ സ്റ്റേഷനില്‍ തുടര്‍ന്നു. പീഡനം നടന്നില്ലെന്ന വൈദ്യപരിശോധനാ ഫലം വന്നതോടെ  ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത്. മൂത്ത സഹോദരനേയും കസ്റ്റഡിയില്‍ എടുത്തെങ്കിലും 28വയസെന്ന് കണ്ടതോടെ ഉപദ്രവിച്ചില്ല.ഡിജിപി,ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം

 

ഇതിനിടെ 13 വയസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന വ്യാജ കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.  മജിസ്ട്രെറ്റിന് മുന്‍പാകെ പീഡനം നടന്നിട്ടില്ല എന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ട് നല്‍കി. പ്രണയത്തിലെ തര്‍ക്കങ്ങളും  തകര്‍ച്ചയും കാരണമാണ് കാമുകനായ സഹപാഠിക്ക് എതിരെ അടക്കം പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയത്.  

 

Also Read: പത്തനംതിട്ടയിൽ 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; കളവ് പറയാൻ കാരണം പ്രണയ നൈരാശ്യം


പീഡനം നടന്നിട്ടില്ല എന്ന് ഉറപ്പായതോടെയാണ് കേസ് അവസാനിപ്പിക്കുന്നത്. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങ് അടക്കം നല്‍കിയ വിശദമായി കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞ ശേഷമാകും കേസ് പൂര്‍ണമായി അവസാനിപ്പിക്കുക.കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്‍പിലെത്തിച്ച് മൊഴിയെടുത്തു. പീഡനം നടന്നിട്ടില്ല എന്നു വ്യക്തമാക്കുന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സഹപാഠികളടക്കം പീഡിപ്പിച്ചു എന്നാണ് 13വയസുള്ള ഒന്‍പതാംക്ലാസുകാരി ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. കേസെടുത്ത പൊലീസ് ഒരു പെണ്‍കുട്ടിയടക്കം നാല് സഹപാഠികളെ വിളിപ്പിച്ചു.

 

രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട്പേരെയും കസ്റ്റഡിയിലെടുത്തു.മൊഴിയെടുത്തപ്പോള്‍ പെണ്‍കുട്ടി പറഞ്ഞ പീഡന സ്ഥലത്തൊന്നും ഇവരില്ലായിരുന്നു എന്ന് വ്യക്തമായി.തൊട്ടുപിന്നാലെ പീഡനം നടന്നിട്ടില്ല എന്ന് വൈദ്യപരിശോധനാഫലവും വന്നു.ഇത് കാണിച്ച് ചോദിച്ചതോടെ പീഡന പരാതി വ്യാജമെന്ന് പെണ്‍കുട്ടി സമ്മതിച്ചു.

 

കസ്റ്റഡിയില്‍ വച്ചിരുന്ന ആറ് പേരേയും വിട്ടയച്ചു. ഒരു സഹപാഠിയുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇത് സ്കൂളില്‍ പരസ്യമായതോടെ വീട്ടുകാരടക്കം കര്‍ശനമായി ഇടപെട്ടു. അമ്മയില്ലാത്ത പെണ്‍കുട്ടിക്ക് ഇതോടെ ഒറ്റപ്പെടലായി. ഇതിനിടെ പ്രണയവും തകര്‍ന്നു. അടുത്ത കൂട്ടുകാരിയും കാരണക്കാരിയെന്ന തോന്നല്‍ വന്നു. അങ്ങനെയാണ് കാമുകനായിരുന്ന സഹപാഠിയേയും സുഹൃത്തുക്കളേയും അടുത്ത കൂട്ടുകാരിയേയും ചേര്‍ത്ത് പരാതി നല്‍കിയത്. വ്യാജപരാതി ആയിരുന്നുവെങ്കിലും സഹപാഠികളും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on a young man's allegations of severe police brutality in Konni, Pathanamthitta, after being falsely accused of a crime. The victim claims he was tortured and physically assaulted while in police custody, despite having undergone bypass surgery.