പൊതുസ്ഥലങ്ങളിൽ നിന്നും വിമാനത്താവളത്തിൽ നിന്നും കളഞ്ഞുകിട്ടി പൊതുജനങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ച പത്തു ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ കാണാതായി. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് സേനക്കാകെ ആകെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നിരിക്കുന്നത്. കാണാതായ സ്വർണ്ണം എങ്ങനെയെങ്കിലും തിരികെ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥർ.
വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും കളഞ്ഞുകിട്ടിയതും സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമായ തൊണ്ടിമുതലുകളാണ് കാണാതായത്. 2018-ന് മുൻപ് നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണ്ണമാല, ബ്രേസ്ലെറ്റ് എന്നിവയും, 2024 ഒക്ടോബറിൽ ലഭിച്ച രണ്ട് മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവയുമാണ് കാണാതായത്. ഇതിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കളഞ്ഞുകിട്ടിയ ആഭരണങ്ങളും ഉൾപ്പെടുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് സ്വർണ്ണാഭരണങ്ങൾ സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയും ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ നിലവിൽ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല.
സാധാരണയായി പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കും കള്ളന്മാർക്കും എളുപ്പത്തിൽ കൈക്കലാക്കാൻ കഴിയുന്ന രീതിയിൽ സ്വർണ്ണം സൂക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ 'കള്ളൻ കപ്പലിൽ തന്നെയുണ്ടോ' എന്ന ശക്തമായ സംശയമാണ് ഉയരുന്നത്. നിലവിൽ സ്റ്റേഷന്റെ ചാർജ്ജുള്ള എസ്.എച്ച്.ഒ (SHO)-യോട് കാണാതായ സ്വർണ്ണാഭരണങ്ങൾ എത്രയും വേഗം ഹാജരാക്കാൻ ഉന്നത ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്തിടെയായി കരിപ്പൂർ പൊലീസ് സ്റ്റേഷനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളും ഉയർന്നിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു വീട്ടിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ലഹരി മാഫിയയുമായി അവിശുദ്ധ ബന്ധം പുലർത്തിയതിന് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ഒന്നിച്ച് സസ്പെൻഡ് ചെയ്തിരുന്നു.
ഇത്തരത്തിൽ ഉദ്യോഗസ്ഥർ തന്നെ മാഫിയാ ബന്ധങ്ങളുടെ പേരിൽ നടപടി നേരിട്ട സ്റ്റേഷനിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കൂടി അപ്രത്യക്ഷമായത് ഡിപ്പാർട്ട്മെന്റിന് വലിയ തലവേദനയായിരിക്കുകയാണ്. ഈ ലഹരി മാഫിയാ ബന്ധങ്ങൾ സ്വർണ്ണം കാണാതായതിന് പിന്നിലുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.