Untitled design - 1

TOPICS COVERED

ടോൾ പ്ലാസയിലെ ജീവനക്കാരന്റെ കയ്യിൽ കമ്പ് എന്തിന്?. ഗുണ്ടായിസം കാട്ടാനാണ് കമ്പുമായി നടക്കുന്നതെന്ന് നാട്ടുകാർ. ദേശീയപാത 66ലെ മലപ്പുറം വെട്ടിച്ചിറ ടോൾപ്ലാസയിൽ  ജീവനക്കാരും യാത്രക്കാരുമായി സംഘർഷമുണ്ടായതോടെയാണ് 24 മണിക്കൂറും ജീവനക്കാർ കയ്യിൽ പിടിക്കുന്ന നീളമേറിയ വടി ചർച്ചയായത്. ടോൾ പ്ലാസയിലെ ജീവനക്കാരൻ കമ്പുമായി യാത്രക്കാരെ ആക്രമിക്കുന്നതിന്റെയും കഴുത്തിൽ കുത്തി പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടോൾ പ്ലാസ  ജീവനക്കാർക്കെതിരെയുള്ള പ്രതിഷേധവും ശക്തമായി. 

ടോൾ ബൂത്തിലെത്തുന്ന പല വാഹനങ്ങളുടേയും ഫാസ് ടാഗിലെ ബാർകോഡ്  പലപ്പോഴും റീഡാവില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് സെൻസർ ഘടിപ്പിച്ച കമ്പ് ഉപയോഗിക്കുന്നത്. വെട്ടിച്ചിറയിൽ യാത്രക്കാരെ ആക്രമിക്കാൻ ജീവനക്കാരൻ ഉപയോഗിച്ച കമ്പിന്റെ അഗ്രഭാഗത്ത് സെൻസർ ഉണ്ടെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. വെട്ടിച്ചിറയിൽ മുൻഭാഗത്തെ ചില്ലിൽ പതിച്ച ഫാസ്റ്റ് ടാഗിൽ നീളമേറിയ കമ്പ് ഉപയോഗിച്ച് ജീവനക്കാരൻ പലവട്ടം തട്ടിയത് യാത്രക്കാർ ചോദ്യം ചെയ്തോടെയാണ് തർക്കം തുടങ്ങിയത്. പിന്നാലെ കാറിൻ്റെ പിൻഭാഗത്തെ വാതിലിൽ പലവട്ടം കമ്പ് ഉപയോഗിച്ച് ജീവനക്കാരൻ ആഞ്ഞടിച്ചു. 

ടോൾ പ്ലാസയിലെ ജീവനക്കാരൻ തന്നെ പിൻഭാഗത്തെ ഡോർ തുറന്ന് യാത്രക്കാരനെ പുറത്തിറക്കി. കഴുത്തിൽ കുത്തിപ്പിടിച്ച് മർദ്ദിച്ചു. കാറിലെ മറ്റു യാത്രക്കാർ കൂടി പുറത്തിറങ്ങിയതോടെ കൂട്ട അടിയായി. ഈ സമയം ടോൾ പ്ലാസയിലൂടെ സംഘർഷം കണ്ട് കടന്നുപോയ വാഹനങ്ങളുടെ പല യാത്രക്കാരും പുറത്തിറങ്ങി  ജീവനക്കാർക്കെതിരെ തിരിഞ്ഞു. ഇതോടെ കൂടുതൽ യാത്രക്കാർ ജീവനക്കാരുമായി ഏറ്റുമുട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു. വെട്ടിച്ചിറയിലെ സംഘർഷത്തിലും വില്ലനായത് നീളമേറിയ ഈ കമ്പാണ്.

ENGLISH SUMMARY:

Toll plaza staff are equipped with long sticks, and the recent incident at Vettichira toll plaza in Malappuram highlighted the aggressive use of these sticks by staff towards commuters. The purpose of these sticks, fitted with sensors, is reportedly to assist with FASTag scanning issues, but their aggressive deployment has led to widespread public outrage and protests.