AI IMAGE
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗത്തെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച 35 കാരന് സിംഗപ്പൂരിൽ ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യക്കാരനായ ആകാശ് തിവാരിയെയാണ് സിംഗപ്പൂർ കോടതി ശിക്ഷിച്ചത്. ഫെബ്രുവരി 9ന് ആകാശ് തിവാരിയും നാല് സുഹൃത്തുക്കളും ചേർന്ന് തായ്‌ലൻഡിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
എയർ ഹോസ്റ്റസ് ഭക്ഷണ മുൻഗണനകളെക്കുറിച്ച് ചോദിക്കാനെത്തിയപ്പോൾ, തിവാരി തന്‍റെ കൈ നീട്ടി അവളുടെ കാലിൽ സ്പർശിക്കുകയായിരുന്നു. അതിന് ശേഷം, മറുവശത്തെ യാത്രക്കാരിൽ നിന്ന് ട്രേകൾ ശേഖരിച്ച ശേഷം അവർ മടങ്ങുമ്പോൾ, തിവാരി ഇടതു കൈമുട്ട് കൊണ്ട് അവരുടെ പിൻഭാഗത്ത് തട്ടി.
എയർ ഹോസ്റ്റസ് ഇക്കാര്യം മേലുദ്യോഗസ്ഥന് (ചീഫ് സ്റ്റുവാർഡസിന്) റിപ്പോർട്ട് ചെയ്തു. എന്നാൽ ആദ്യ സംഭവത്തിന് ശേഷവും തിവാരി എയർ ഹോസ്റ്റസിനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ശരീര ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. എയർ ഹോസ്റ്റസ് ദേഷ്യത്തിൽ മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും ആകാശ് പിന്തിരിയാൻ കൂട്ടാക്കിയില്ല.
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ വിമാനമെത്തിയ ഉടൻ തന്നെ എയർപോർട്ട് പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ കുറ്റം സമ്മതിച്ച തിവാരിക്ക് തിങ്കളാഴ്ചയാണ് ആറ് മാസം തടവ് ശിക്ഷയും 90,000 രൂപ പിഴയും വിധിച്ചത്. പിഴത്തുക ഇരയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.