കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൊച്ചിയില്‍ തുറക്കുകയാണ്. ഉദ്ഘാടനത്തിനായി മാലോകരെല്ലാം കാത്തിരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍. മാളിനു ചുറ്റും ബോംബ് വച്ചിട്ടുണ്ട്. പൊട്ടിക്കും. ഇല്ലെങ്കില്‍ എഴുപത്തിയഞ്ചു ലക്ഷം രൂപ തന്നോ!. മാളിലേയ്ക്കു വന്ന ആദ്യത്തെ ബോംബ് ഭീഷണി. അതും ഉദ്ഘാടനത്തിന്‍റെ തൊട്ടു മുമ്പുള്ള ദിവസം.
പൊലീസിന് പരാതി നല്‍കി. തൃക്കാക്കര എ.സി.പിയും മുപ്പതുപേരടങ്ങുന്ന സംഘവും തലക്കുത്തി നിന്ന് അന്വേഷിച്ചിട്ടും വിളിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്താന്‍ പൊലീസ് പരക്കംപാഞ്ഞു. പൊലീസിനു മുമ്പില്‍ ആകെയുള്ളത് വിളിച്ചയാളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം മാത്രം.
എന്തായിരിക്കും ഒരു കോടി ചോദിക്കാതിരുന്നത് ?
എം.എ.യൂസഫലിയെ പോലുള്ള വലിയ വ്യവസായിയോട് 75 ലക്ഷം ചോദിക്കാന്‍ കാരണമെന്താകും?. ഒരു കോടിയെങ്കിലും ചോദിക്കേണ്ടതല്ലെ. അന്നത്തെ തൃപ്പുണിത്തുറ എസ്.ഐ: പി.ആര്‍.സന്തോഷിന് ഈ ഭീഷണി ശബ്ദം കേട്ടപ്പോള്‍ എവിടെയോ കേട്ടുപരിചയമുള്ള ശബ്ദം. അങ്ങനെ, സന്തോഷ് തലപ്പെരുത്ത് ആലോചിച്ചു.
‘എനിക്കറിയാം ഈ ശബ്ദം. ഇയാളോട് ഞാന്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്’. എസ്ഐ: സന്തോഷിന്‍റെ മനസ് ഇങ്ങനെ പലക്കുറി പറഞ്ഞു. അവസാനം, മനസിലേയ്ക്കു വന്നു ആ പേര്. മനോജ് സേവ്യര്‍. ആവശ്യത്തിനു മാത്രം തുക കക്കുന്ന കള്ളന്‍. 2010ല്‍ കോട്ടയത്ത് ജോലി ചെയ്യുമ്പോള്‍ പിടിച്ച കള്ളന്‍.
എന്താണ് കള്ളന്‍റെ പ്രത്യേകത ?
കോട്ടയത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയ മനോജ് സേവ്യര്‍ തനിക്കാവശ്യമുള്ള തുക മാത്രമേ എടുത്തുള്ളൂ. അലമാരയില്‍ വന്‍തുകയുണ്ടായിരുന്നു. മനോജ് സേവ്യറെ പിടിച്ചപ്പോള്‍ എനിക്ക് ആവശ്യം ഒരു ലക്ഷം രൂപയായിരുന്നു. അതു മാത്രം ഞാനെടുത്തു. പൊലീസ് ജീവിതത്തിനിടയില്‍ ഒരുപാട് കള്ളന്‍മാരെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കള്ളനെ കാണുന്നത് ആദ്യം.
അതുക്കൊണ്ടുതന്നെ കള്ളന്‍റെ ശബ്ദവും രീതിയും മനസില്‍ പതിഞ്ഞു. മനോജ് സേവ്യറെ വീണ്ടും പിടികൂടി ചോദ്യംചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു. ‘ഞാന്‍ തന്നെയാണ് ലുലു മാളിലേയ്ക്കു വിളിച്ചത്. എനിക്ക് 75 ലക്ഷം രൂപയായിരുന്നു ആവശ്യം’.
അടിമാലിയിലാണ് ആ ഉദ്യോഗസ്ഥന്‍
വർഷങ്ങൾക്കിപ്പുറം പൊതുവേദിയിൽ മന്ത്രി രമേശ് ചെന്നിത്തല വീണ്ടും ഈ സംഭവം പ്രസംഗിച്ചു. പൊലീസ് സേവനത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ഗുണങ്ങളിൽ ഒന്നായ നിരീക്ഷണ പാടവത്തിനും ഓർമശക്തിക്കും ലഭിച്ച അംഗീകാരമായിരുന്നു അത്.
"മന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഏറെ അഭിമാനവും ആത്മവിശ്വാസവും തോന്നി," എന്ന് അടിമാലി സ്റ്റേഷൻ എസ് എച്ച് ഒ ആയ ഇൻസ്പെക്ടർ പി.ആർ. സന്തോഷ് പറയുന്നു. ഒരു ശബ്ദം മാത്രം കേട്ട് പ്രതിയെ തിരിച്ചറിഞ്ഞ കേസ്. പൊലീസ് ഉദ്യോഗസ്ഥരില്‍ സമര്‍ഥരായ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തിലൊരാളാണ് പി.ആര്‍.സന്തോഷ്