നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ മനസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികളായ രണ്ടാനച്ഛൻ അഷ്കറും അമ്മ അഖിലയും. സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതത്തിന് കുട്ടി ഒരു തടസ്സമാണെന്ന ചിന്തയാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു.

കുഞ്ഞ് ഹൈപ്പർ ആക്ടീവ് ആണെന്നും ഓടി നടക്കുന്നത് ശല്യമാണെന്നും പറഞ്ഞാണ് പ്രതികൾ ക്രൂരമായ മർദ്ദനങ്ങൾ നടത്തിയത്. കുട്ടി നടക്കാതിരിക്കാനായി കാലിന്റെ അടിയിൽ ലൈറ്ററും സിഗരറ്റും ഉപയോഗിച്ച് ഇടയ്ക്കിടെ പൊള്ളിക്കുമായിരുന്നുവെന്ന് ഒന്നാം പ്രതി അഷ്കർ മൊഴി നൽകി. അഷ്കർ കാട്ടിയ ഈ ക്രൂരതകൾക്കെല്ലാം തന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന് അമ്മ അഖിലയും പൊലീസിനോട് സമ്മതിച്ചു.

കൊലപാതകം നടക്കുന്നതിന് രണ്ട് മാസം മുന്‍പ് കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. സൈക്കിളിൽ നിന്ന് വീണതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞതെങ്കിലും ഇത് പൂർണ്ണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൈകൾ ഒടിഞ്ഞ് വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ 12 ദിവസത്തോളം ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ തന്നെ കിടത്തി. ഒടുവിൽ കൈകൾ വീർത്ത് അവശനിലയിലായപ്പോഴാണ് ചികിത്സ നൽകാൻ അമ്മ തയ്യാറായതെന്നും മൊഴിയിലുണ്ട്.

തുടർച്ചയായ മർദ്ദനം മൂലമുണ്ടായ അണുബാധയാൽ അവശനായ കുഞ്ഞുമായി പ്രതികൾ മധുരയിലേയ്ക്ക് പോയതാണ് സ്ഥിതി വഷളാക്കിയത്. നെടുമങ്ങാട് മുതൽ തിരുവനന്തപുരം വരെ ബൈക്കിലിരുത്തിയും പിന്നീട് ബസ്സിലുമായിരുന്നു ഈ യാത്ര. യാത്രയ്ക്കിടയിൽ കടുത്ത പനിയുണ്ടായിട്ടും ശരിയായ മരുന്ന് നൽകാതെ ഇവർ യാത്ര തുടർന്നു. ഒടുവിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അഷ്കർ കുട്ടിയെ ഉപദ്രവിക്കുമ്പോൾ ഒരിക്കൽ പോലും തടയാൻ അമ്മ അഖില ശ്രമിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ENGLISH SUMMARY:

### Short English Summary Police probing the death of a one-and-a-half-year-old boy in Nedumangad have uncovered allegations of prolonged abuse and neglect by his stepfather and mother. Investigators say both accused admitted to key details during questioning. The child allegedly suffered repeated abuse and delayed medical treatment before his death. The investigation is ongoing.