ഭണ്ഡാരം കുത്തിതുറന്നുള്ള കവര്‍ച്ച പൊലീസിന് അത്ര തലവേദന ഉണ്ടാകാറില്ല. പക്ഷേ, ചില്ലറ തുട്ടുകള്‍ മാത്രമുള്ള ഒരു ഭണ്ഡാരം കുത്തിതുറന്നത് പൊലീസിനെ വട്ടംകറക്കി. ഡി.ഐ.ജി ഓഫിസിനോടു ചേര്‍ന്നുള്ള ക്ഷേത്രത്തിലെ ഭണ്ഡാരമായിരുന്നു കവര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കവര്‍ച്ച. ഡി.ഐ.ജി ഓഫിസ് മാത്രമല്ല. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസ്, തൃശൂര്‍ എ.സി.പി. ഓഫിസ്, തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ ഓഫിസ് അങ്ങനെ, പൊലീസിന്‍റെ തെരുവിലായിരുന്നു കള്ളന്‍റെ പെര്‍ഫോര്‍മന്‍സ്. കള്ളനെ പിടിക്കാന്‍ നാടൊട്ടുക്കും പൊലീസ് ഓടി. പക്ഷേ, കിട്ടിയില്ല.
തട്ടിയെടുത്ത ആ ഫോണ്‍ ?
ക്ഷേത്രത്തില്‍ നിന്നൊരു ഫോണ്‍ തട്ടിയെടുത്തിരുന്നു. ആ ഫോണിലെ സിം മാറ്റി. പകരം, മറ്റൊരു സിം ഇട്ടു. ഈ സിം പിന്‍തുടര്‍ന്നു. തമിഴ്നാട് ജില്ലയിലെ തൂത്തുക്കുടിയില്‍ കാറ്റാടിപ്പാടമായിരുന്നു ലൊക്കേഷന്‍ . പൊലീസ് നേരത്തതന്നെ കള്ളനു പിന്നാലെ യാത്ര തുടര്‍ന്നിരുന്നു. അറുപതു കിലോമീറ്റര്‍ അകലത്തിലാണ് കള്ളനെന്ന് മനസിലായി. പൊലീസ് അവിടെ ചെല്ലുമ്പോള്‍ അര്‍ധരാത്രിയായി. കാറ്റാടിപ്പാടങ്ങള്‍ നിറഞ്ഞ ഇടം. റയില്‍വേ സ്റ്റേഷന്‍ തൊട്ടടുത്തുണ്ട്. കുടിവെള്ളം പോലുമില്ലാത്ത റയില്‍വെ സ്റ്റേഷന്‍. രാത്രിയില്‍ കാറ്റാടിപ്പാടത്തു പരിശോധിക്കാനിറങ്ങി. എസ്.ഐ.: റെജിന്‍ രാജ്, പൊലീസ് ഉദ്യോഗസ്ഥരായ ഹരീഷും ദീപക്കും അജ്മലും സൂരജും ധനേഷും അടങ്ങുന്ന സംഘം തലങ്ങും വിലങ്ങും നടന്നു. അവസാനം, കാറ്റാടി യന്ത്രത്തിന്‍റെ സമീപത്ത് താഴെയായി കിടന്നുറങ്ങുന്ന ആളെ കണ്ടു. അതെ, ആ കള്ളനായിരുന്നു അത്. അസമുകാരനായ ഇരുപതുകാരന്‍ മഹേഷ് ഗൗര്‍. കേരള പൊലീസിനെ നാണംകെടുത്തിയ കള്ളന്‍.
കളവെല്ലാം സ്റ്റേഷന്‍ പരിസരത്ത്
റയില്‍വേ സ്റ്റേഷനുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കവര്‍ച്ചകള്‍. എല്ലാം ആരാധനാലയങ്ങളുടെ ഭണ്ഡാരം. കേരളത്തില്‍ തിരുവനന്തപുരവും തൃശൂരും മാത്രമാണ് പരിചിതമായ ഇടങ്ങള്‍. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ ടിക്കറ്റില്ലാ യാത്രയാണ് എപ്പോഴും. ഭണ്ഡാരം കുത്തിപ്പൊളിക്കുമ്പോള്‍ കള്ളന് അറിയില്ലായിരുന്നു തൊട്ടടുത്ത് ഡി.ഐ.ജി. ഓഫിസാണെന്ന്. പൊലീസിന്‍റെ ഉറക്കംകളയുമെന്നും കരുതിയില്ല. ഭണ്ഡാരം കുത്തിപ്പൊളിച്ചതിനു പിന്നാലെ, പൊലീസ് മെനക്കെട്ട് വരുമെന്നും കള്ളന്‍ കരുതിയില്ല. നൂറ്റിഇരുപതു ദിവസമാണ് ഈ കള്ളന്‍ പൊലീസിനെ ഓടിച്ചത്.