കൊലപാതക കേസിൽ പരോളിറങ്ങി മുങ്ങിയ പ്രതിയെ വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി അഹമ്മദാബാദ് പൊലീസ്. പ്രതിയാകട്ടെ ഒളിവിലായിരുന്ന കാലമത്രയും സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. മോഹന്‍ലാലിനൊപ്പം എമ്പുരാൻ സിനിമയില്‍ ഉൾപ്പടെ അഭിനയിച്ച ഹേമന്ത് വൈഷ്ണവാണ് 12 വർഷത്തിനുശേഷം പിടിയിലായത്. പത്തുവര്‍ഷത്തിലേറെയായി അമിതാഭ് ബച്ചൻ, ആമിർ ഖാൻ, രൺവീർ സിങ്, സാറാ അലി ഖാൻ എന്നിവരോടൊപ്പം ബോളിവുഡ് ബിഗ് ബജറ്റ് സിനിമകളിലും വെബ് സീരീസുകളിലും ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ സിനിമയെ വെല്ലുന്ന ഒളിവുജീവിതത്തിന് തിരശ്ശീല വീഴുകയാണ്.
2008 ഓഗസ്റ്റ് 27 നാണ് നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഹേമന്തും സഹോദരൻ സച്ചിനും ഉള്‍പ്പെടെ അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടത്. 2005 ജൂൺ 15നായിരുന്നു കൊലപാതകം. ആസാദ് ചൗക്കിനടുത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയും നരേന്ദ്ര എന്ന നന്നോ യശ്വന്ത് കാംബ്ലെ കൊല്ലപ്പെടുകയുമായിരുന്നു. കേസില്‍ വിചാരണ കോടതി എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഹേമന്തിനെ ആദ്യം സബർമതി സെൻട്രൽ ജയില്‍ പാര്‍പ്പിച്ചെങ്കിലും പിന്നീട് മെഹ്സാന ജയിലിലേക്ക് മാറ്റി.
ആറ് വർഷത്തെ തടവിന് ശേഷം 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. എന്നാല്‍ പരോളിലിറങ്ങിയ ഹേമന്ത് പരോൾ കാലാവധി അവസാനിച്ചിട്ടും തിരിച്ചെത്തിയില്ല. പൊലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഒളിവില്‍ കഴിയുന്നതിനെയാണ് ഇയാള്‍ സിനിമയില്‍ സജീവമാകുന്നത്. 2015 വരെ ഗുജറാത്തിലെ പത്താൻ ജില്ലയിൽ ഒളിവില്‍ കഴിഞ്ഞു. പിന്നീട് ട്വിങ്കിൾ മുകുന്ദ് ദവേ എന്ന പേര് മാറ്റി അഹമ്മദാബാദിലേക്ക് താമസം മാറി. ഒരു സ്വകാര്യ കമ്പനിയിൽ ജോലിയും പേയിങ് ഗസ്റ്റായി താമസവും ആരംഭിച്ചു. ഇതിനിടെ നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 2017 ആയപ്പോഴേക്കും മുംബൈയിൽ എത്തി ബോളിവുഡിൽ സഹനടനായി ചെറിയ വേഷങ്ങളും ചെയ്യാൻ തുടങ്ങി. ഇതിനിടെ കുടുംബവും സുഹൃത്തുക്കളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഭാര്യയെ വിവാഹമോചനം ചെയ്യുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും ഉണ്ടായിരുന്നില്ല.
അമിതാഭ് ബച്ചൻ– ആമിർ ഖാൻ ചിത്രം 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' (2018), രണ്‍വീര്‍ സിങിന്‍റെ 'ജയേഷ്ഭായ് ജോർദാർ' (2022), ആദിത്യ റോയ് കപൂര്‍– സാറാ അലിഖാന്‍ ചിത്രം മെട്രോ ഇൻ ദിനോ (2025) എന്നീ ചിത്രങ്ങളിലെല്ലാം ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല മോഹൻലാൽ നായകനായ 'എമ്പുരാൻ' (2025), സണ്ണി ഡിയോൾ നായകനായ 'ലാഹോർ 1947', സോനാക്ഷി സിൻഹ നായികയായ 'തു ഹേ മേരി കിരൺ' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഗുജറാത്തി സിനിമകളിലും വെബ് സീരീസുകളിവും സീരിയലുകളിവും നാടകങ്ങളിലും ഇയാള്‍ അഭിനയിച്ചിച്ചുണ്ട്. ഇതിനിടെ സിനിമ ഇന്‍ഡസ്ട്രിയില്‍ ‘സ്പന്ദന്‍ മോദി’ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി.
അങ്ങനെ പിടിക്കപ്പെടില്ല എന്ന അമിതമായ ആത്മവിശ്വാസം കാരണമാകും 2025-ൽ, ഹേമന്ത് അഹമ്മദാബാദിൽ താമസത്തിനായി മടങ്ങിയെത്തി. എന്നാല്‍ ഹേമന്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച, അഹമ്മദാബാദ് സിറ്റി പൊലീസിന്റെ ഡിറ്റക്ഷൻ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) നടത്തിയ റെയ്ഡില്‍ 54 വയസുകാരനായ ഹേമന്ത് അറസ്റ്റിലായി. അതേസമയം, ഹേമന്തിന്‍റെ സഹോദരനടക്കം കേസിലെ കുറ്റക്കാരായ എല്ലാവരും ഇതിനകം ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതരായിരുന്നു.