ഭൂട്ടാന്‍ വാഹനക്കടത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. ആഡംഭര കാര്‍ വില്‍പ്പനക്കാരായ കോഴിക്കോട്ടെ റോഡ് വെയ്സ് ഉടമ സെയിന്‍ മര്‍വയുടെ അറസ്റ്റിന് പിന്നാലെ കസ്റ്റംസ് നടപടികള്‍ വേഗത്തിലാക്കി. സെയിന്‍ മര്‍വ നിലവില്‍ റിമാന്‍ഡിലാണ്. കള്ളക്കടത്ത് സംഘവുമായി സെയിന്‍ മര്‍വക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. എന്നാല്‍ കസ്റ്റംസിന്‍റെ ഈ വാദം തള്ളുന്ന റോഡ് വെയ്സ് അധികൃതര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. അന്വേഷണസംഘവുമായി സെയിന്‍ സഹകരിക്കുന്നതിനാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നാണ് സൂചന. ഏഴ് വാഹനങ്ങള്‍ ഒന്നരകോടി രൂപയ്ക്കാണ് ഡല്‍ഹിയിലെ ഒരു ഡീലര്‍ മുഖേന കോഴിക്കോട് റോഡ് വെയ്സ് ഇന്ത്യയിലെത്തിച്ചത്. അത് പിന്നീട് പല സംസ്ഥാനങ്ങളിലായി നാലിരട്ടി ലാഭത്തിന് വിറ്റു.
ഭൂട്ടാന്‍ വാഹനം വാങ്ങിയതാരൊക്കെ?
ഭൂട്ടാനില്‍ നിന്ന് കടത്തിയ വാഹനങ്ങള്‍ വാങ്ങിയതാരൊക്കെ എന്നത് കേന്ദ്രീകരിച്ച് കസ്റ്റംസ്, സെയിന്‍ മര്‍വയില്‍ നിന്ന് വിവങ്ങള്‍ ശേഖരിച്ചു. റോഡ് വെയ്സില്‍ നിന്ന വിറ്റ മുഴുവന്‍ കാറുകളുടെയും വിശദാംശങ്ങള്‍ ഇതിനോടകം കൈമാറിയിട്ടുണ്ട്. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നു. ഇവരിലേയ്ക്കും അടുത്ത ദിവസം അന്വേഷണമെത്തും. ഇതിന് സമാന്തരമായി നടന്ന അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ലക്കി ഭാസ്ക്കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനം പിടികൂടിയത്. സിനിമയില്‍ ഈ വാഹനം ദുല്‍ഖര്‍ സല്‍മാന്‍ വാങ്ങുന്നതായാണ് കാണിക്കുന്നത്.
തുടര്‍ റെയ്ഡുകള്‍ക്ക് സാധ്യത
ഒരിടവേളയ്ക്ക് ശേഷം ഭൂട്ടാന്‍ വാഹനകടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും റെയ്ഡ് നടത്തിയേക്കും. കോഴിക്കോട്ടെയും മുക്കത്തെയും വാഹന ഡീലര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത് റെയ്ഡിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായാണോ എന്ന് സംശയിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ റെയ്ഡില്‍ വര്‍ക് ഷോപ്പില്‍ കിടക്കുന്ന വാഹനങ്ങള്‍ വരെ പിടിച്ചെടുത്തിരുന്നു. ഭൂട്ടാന്‍ വാഹനകടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 57 വാഹനങ്ങളാണ് പിടിച്ചെടുത്തത്.