റോഡപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കാസർകോട് മീഞ്ച സാന്തടുക്ക സ്വദേശി മുഹമ്മദ് എന്ന മുന്നയാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 1-ന് രാത്രി ഉപ്പള ദേശീയപാതയിലായിരുന്നു വാഹനാപകടം. കർണാടക ഗദഗ് സ്വദേശി സന്തോഷ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ സന്തോഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം തിരികെ എത്തിയപ്പോൾ അപകടസ്ഥലത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് സംഭവസ്ഥലത്ത് നിന്നും മാറ്റിയിരുന്നില്ല.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി പിറ്റേ ദിവസമാണ് വാഹനം കവർന്നത്. പിടിയിലായ മുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ മഞ്ചേശ്വരം സ്റ്റേഷനിൽ പോക്സോ കേസുമുണ്ടായിരുന്നു. കൂടാതെ ബേക്കൽ പോലീസ് സ്റ്റേഷനിൽ മോഷണക്കേസിലും ഇയാൾ പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.