ചിത്രം: മനോരമ

ചിത്രം: മനോരമ

TOPICS COVERED

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കിയ ശേഷം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ പിടിയില്‍. കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രൻ (29) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ കുടുംബത്തിന് തോന്നിയ ചില സംശയങ്ങളാണ് ഇയാളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുചെന്നെത്തിച്ചത്.

പെൺകുട്ടി പ്രായപൂർത്തിയാകും മുൻപെടുത്ത ചിത്രങ്ങൾ പെൺകുട്ടിയുടെ അമ്മയുെട ഫോണിൽ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്കു പകർത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തയാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങൾ അമ്മയുടെ ഫോണിലേക്കും വാട്സാപ്പിലൂടെ അയച്ചു. 

ചിത്രങ്ങൾ ഏതോ അജ്ഞാതൻ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താൻ ഇവരോട് സംസാരിച്ചപ്പോള്‍ 15 പവൻ സ്വർണാഭരണങ്ങൾ നൽകിയാൽ ഇതു നിര്‍ത്താമെന്ന് പറഞ്ഞെന്നും അവിനാഷ് പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചു.  സ്വര്‍ണം നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങൾ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെൺകുട്ടിയുടെ കുടുംബത്തോടു പറഞ്ഞു. 

എന്നാല്‍ അവിനാഷിന്റെ രീതികളിലും വാദങ്ങളിലും സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതെത്തുടർന്നു പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. ജോലിയിൽ നിന്ന് ഏറെനാളായി വിട്ടുനിൽക്കുന്ന അവിനാഷിനെ പൊലീസ് സേനയിൽ നിന്നു നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

A policeman has been arrested for threatening to circulate a girl's photos on social media :

A policeman has been arrested for threatening to circulate a girl's photos on social media after obtaining them from her mother's phone. Avinash Surendran (29), a Civil Police Officer of the KAP Adoor Battalion and a native of Anayadi in Sooranad North, was the one taken into custody.