ഇടുക്കി കുമളിക്ക് സമീപം തമിഴ്നാട് ഇറച്ചിപ്പാലത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന പ്രതിയെ കോടതി വെറുതെ വിട്ടു. തിങ്കൾക്കാട് സ്വദേശി സാലുവാണ് കൊല്ലപ്പെട്ടത്. ഉപ്പുതറ ചപ്പാത്ത് സ്വദേശി സലിനെയാണ് തൊടുപുഴ മൂന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്
2016 നവംബർ നാലിനാണ് തിങ്കൾകാട് സ്വദേശി ബാബുവിന്റെ ഭാര്യ സാലു കൊല്ലപ്പെട്ടത്. ഇവരെ കാണാതായതിനെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സലിൻ പിടിയിലായത്. സലിനും സാലുവും അടുപ്പക്കാരായിരുന്നു. ഇരുവരും ഒരുമിച്ച് കുടുംബ ദോഷം മാറ്റാൻ പൂജ ചെയ്യുന്നതിനായി തമിഴ്നാട് ഉത്തമ പാളയത്ത് പോയി മടങ്ങി വരുമ്പോൾ സാലുവിനെ സലിൻ കഴുത്തറുത്ത് കൊലപ്പെടുത്തി വെള്ളച്ചാട്ടത്തിൽ എറിഞ്ഞെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇരുവരും കാണാൻ പോയ ജെയിംസ് സ്വാമി എന്ന പൂജാരി സാലുവിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. ഇയാളുടെ സഹായികൾ മൃതദേഹം ഇറച്ചിപ്പാലം വെള്ളച്ചാട്ടത്തിൽ എറിഞ്ഞെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
എന്നാൽ പ്രോസിക്യൂഷൻ ജയിംസ് സ്വാമിയെ സാക്ഷിയായി മാത്രമാണ് പരിഗണിച്ചത്. സാലുവിന്റെ ഹാൻഡ് ബാഗും, മൊബൈൽ ഫോണും കണ്ടെത്താൻ കഴിയാതിരുന്നതും കേസിൽ വെല്ലുവിളിയായി. വിധിയിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു