അഞ്ച് മാസം മുമ്പ് മകളെ കൊലപ്പെടുത്തിയ യുവാവിനെ, വീട്ടിൽക്കയറി വെട്ടിക്കൊന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ്. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ മാരിയമ്മൻകോയിലിനടുത്ത് താമസിക്കുന്ന കെ. അജിത് കുമാറാണ് (29) ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ടത്.

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, ആലങ്കുടിയിലെ സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ പി കാവ്യയെ (26) കഴിഞ്ഞ വർഷം നവംബറിൽ കെ അജിത് കുമാർ വെട്ടിക്കൊന്നിരുന്നു. സ്കൂട്ടിയിൽ സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ തടഞ്ഞുനിർത്തിയ ശേഷം ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാവ്യയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിന്‍റെ പ്രകോപനത്തിലാണ് പ്രതി കൊലപാതകം നടത്തിയത്.

വിവരമറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂർത്തിയും മറ്റ് മൂന്ന് ബന്ധുക്കളും ചേർന്നാണ് വീട്ടിൽക്കയറി അജിത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പുണ്യമൂർത്തിയും ബന്ധുക്കളായ എം ലോഗേഷ് (22), ഡി രാമലിംഗം (30), എ കറുപ്പയ്യ (55) എന്നിവരും അമ്മൻപേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തന്‍റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് കാവ്യ അജിത് കുമാറിനോട് പറയുകയും, വിവാഹനിശ്ചയ ചടങ്ങിന്‍റെ ഫോട്ടോകൾ കാണിക്കുകയും ചെയ്തതാണ് അജിത്തിനെ പ്രകോപിതനാക്കിയത്. കാവ്യയെ കൊലപ്പെടുത്തിയ കേസില്‍, പാപനാശത്തിലെ സബ്-മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഒരു മാസം മുമ്പാണ് അജിത് കുമാറിന് ജാമ്യം ലഭിച്ചത്.

അതിന് പിന്നാലെ അയാളെ കൊലപ്പെടുത്താനുള്ള നീക്കം പുണ്യമൂർത്തി ആരംഭിച്ചിരുന്നു. അജിത് കുമാറിന്റെ മൃതദേഹം തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്തു.

ENGLISH SUMMARY:

Malayala Manorama Online News reports on a shocking revenge killing where an ex-panchayat president murdered the man accused of killing his daughter. The accused, who was recently out on bail, was hacked to death by the victim's father and relatives at his home.