എഐ ചിത്രം (പ്രതീകാത്മകം)
തിരുവനന്തപുരത്ത് പത്തൊമ്പതുകാരനെ ഹണിട്രാപ്പിലൂടെ വിജനമായ ഇടത്തെത്തിച്ച്, അടിച്ച് അവശനാക്കി, മൊബൈലും പണവും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. പോത്തൻകോട് സ്വദേശി ജിനുവാണ് ക്രൂരമര്‍ദനത്തിനിരയായത്.
ശ്രീകാര്യം ചെല്ലമംഗലം സ്വദേശി സൂര്യ (19), സുഹൃത്ത് പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഒരാളെ പൊലീസ് തിരയുകാണ്.
യുവാവുമായി സൂര്യ ഇൻസ്റ്റാഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഏപ്രില്‍ 18ന് പാങ്ങപ്പാറയിലേക്ക് യുവാവിനെ വിളിച്ചു വരുത്തി.
അവിടെ സൂര്യയുടെ സുഹൃത്തുക്കൾ ജിനുവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. സ്‌കൂട്ടറിലാണ് ജിനുവെത്തിയത്. അദ്ദേഹത്തെ അതേ സ്‌കൂട്ടറിൽ തന്നെ ബലം പ്രയോഗിച്ച് കയറ്റിയിരുത്തി പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് അടുത്തെ സംഗീത നഗറിലെ ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ചു.
ശേഷം ക്രൂര മര്‍ദനമാണ് അരങ്ങേറിയത്.
അടിക്ക് പുറമേ, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ജിനുവിന്റെ കൈയിലുണ്ടായിരുന്ന ഫോൺ പിടിച്ചുവാങ്ങി, എസ്.ബി.ഐ യോനോ ആപ്പിൽനിന്ന് 10000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് സെന്‍ഡ് ചെയ്യിപ്പിച്ചു. ഇതിന് പുറമേ മറ്റൊരു നമ്പരിലേക്ക് 2500 രൂപയും ജിനുവിനെ കൊണ്ട് ബലം പ്രയോഗിച്ച് സെന്‍ഡ് ചെയ്യിച്ചു. അതിന് ശേഷം പരുക്കേറ്റ യുവാവിനെ അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.