മലയാള സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവനിൽ യുവനടിയോടു ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിൽ സംവിധായകന്‍ രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ നടന്‍ ബോബി കുര്യന്‍ സഹായിച്ചെന്ന് സംശയം. ബോബിയെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ രഞ്ജിത്തിനെതിരെ കേസുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് താരത്തിന്റെ മൊഴി. ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ബോബിയെ വീണ്ടും ചോദ്യം ചെയ്യും.

 

Also Read: 'സിനിമകളിലെ സ്ത്രീവിരുദ്ധത ജീവിതത്തിലും പ്രയോഗവൽക്കരിക്കരുത്, രഞ്ജിത് ഈ സിനിമയൊന്ന് കാണണം'


കേസില്‍ കടുത്ത ഉപാധികളോടെ രഞ്ജിത്തിനു മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണ പൂർത്തിയാക്കും വരെ കുറ്റകൃത്യം നടന്നതായി പരാതിയിൽ പറയുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും അതിജീവിത അഭിനയിക്കുന്ന മറ്റു സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനിലും മേൽനോട്ട കോടതിയുടെ മുൻകൂർ അനുമതിയില്ലാത്തെ രഞ്ജിത്ത് പ്രവേശിക്കരുത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും അതേ തുകയുടെ ബോണ്ടിലുള്ള രണ്ടാൾ ജാമ്യവുമാണു കോടതി അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതു വരെയോ അടുത്ത മൂന്നു മാസമോ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ രഞ്ജിത്ത് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി ഒപ്പിടണം.

 

അന്വേഷണ ഉദ്യോഗസ്ഥൻ വിളിക്കുമ്പോഴെല്ലാം നേരിട്ട് ഹാജരായി അന്വേഷണത്തോടു സഹകരിക്കണം. അതിജീവിതയെയും കേസിലെ മറ്റു സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. കോടതിയുടെ മുൻകൂർ അനുവാദം വാങ്ങാതെ എറണാകുളം ജില്ലവിട്ടു പോകരുത്. ജാമ്യം കിട്ടി 7 ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം. തുടങ്ങിയ വ്യവസ്ഥകളോടെയാണ് എറണാകുളം മജിസ്ട്രേട്ട് എൽ.ഉഷ ജാമ്യം അനുവദിച്ചത്.

 

ഫോർട്ട്കൊച്ചിയിലെ സിനിമാസെറ്റിൽ പ്രതിയുടെ ഭാഗത്തുനിന്നു ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചു യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലാണു രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ ഗൗരവ സ്വഭാവമുള്ള വകുപ്പുകൾ ചുമത്തി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. തൊടുപുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദമാണു രഞ്ജിത്ത് ജാമ്യാപേക്ഷയിൽ ഉന്നയിച്ചത്.

ENGLISH SUMMARY:

Malayala Manorama Online News reports on the ongoing investigation involving director Ranjith and actor Bobby Kurian. Police are questioning Bobby Kurian in connection with the sexual assault case against director Ranjith, with suspicions that Kurian aided Ranjith in evading capture.