വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കാമുകന്‍റെ പ്രതിശ്രുത വധുവിന്‍റെ മുഖത്ത് ആസിഡ് ആക്രമണം നടത്തിയ 26കാരി പിടിയില്‍. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊളളലേറ്റ യുവതി ജിടിബി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
ഏപ്രിൽ 14ന് ഇന്ദിരാ വിഹാറിലുള്ള ഇരയുടെ വീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്. ഏപ്രിൽ 19 ന് നടത്താനിരുന്ന വിവാഹത്തിന് ഒരുങ്ങുകയായിരുന്നു പെൺകുട്ടിയും സഹോദരിയും. 26 വയസ്സുള്ള അയൽവാസിയായ പ്രതി ഇവരോട് സംസാരിക്കുന്നതിനിടെ, പെട്ടെന്ന് ഒളിപ്പിച്ചുവെച്ച കുപ്പിയിൽ നിന്ന് ആസിഡ് ഇരയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ കുടുംബാംഗങ്ങൾ അക്രമിയെ കീഴടക്കിയിരുന്നു. കണ്ണുകൾ, മുഖം, കഴുത്ത്, കൈ എന്നിവയ്ക്ക് പൊള്ളലേറ്റ പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
തന്‍റെ കാമുകന്‍ വേറേ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെയാണ് യുവതി പ്രതിശ്രുത വധുവിനെതിരെ ആക്രമണത്തിന് മുതിര്‍ന്നത്. വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് അവര്‍ ആദ്യം കാമുകനോട് ആവശ്യപ്പെട്ടു. കാമുകന്‍ വിസമ്മതിച്ചതോടെ ദേഷ്യം പെണ്‍കുട്ടിയോട് തീര്‍ക്കുകയായിരുന്നു.
പ്രതിക്ക് അഞ്ച് വർഷത്തോളമായി വരനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇരയുമായുള്ള വിവാഹനിശ്ചയം അംഗീകരിക്കാൻ അവള്‍ തയ്യാറായിരുന്നില്ലെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 124(1) പ്രകാരം യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.