മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലിന്‍റെ വീട്ടുമുറ്റത്ത് കിടന്ന വാഹനം പെട്രോളൊഴിച്ച് കത്തിച്ച മുൻ ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. വിആർ ജയകുമാറിന്റെ കാർ കത്തിച്ച കിളിരൂർ സ്വദേശി ചെല്ലപ്പനാണ് (83) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 7 മണിക്ക് ശേഷമാണ് കാര്‍ കത്തിച്ചത്. ഡോക്ടറുടെ വീട്ടുജോലി ചെയ്തിരുന്ന ചെല്ലപ്പനെ ഒരു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് കാര്‍ കത്തിച്ചത്. ഗാന്ധിനഗർ പെട്രോൾ പമ്പിന് അടുത്തുള്ള ഡോ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് 83കാരന്‍ തീയിട്ടത്. ഇതിനിടെ വയോധികനും ആ തീയില്‍ നിന്ന് പൊള്ളലേറ്റു.

ഈ സമയം ഡോക്ടറും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. കാര്‍ കത്തുന്നതുകണ്ട വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. അഗ്‌നിശമനസേനയെത്തി തീ അണയ്ക്കുമ്പോഴാണ് സമീപത്ത് പൊള്ളലേറ്റ നിലയിൽ ചെല്ലപ്പനെ കണ്ടത്. അപ്പോഴാണ് ഇയാളാണ് കാര്‍ കത്തിച്ചതെന്ന് മനസിലായത്.

95 ശതമാനം പൊള്ളലേറ്റ ഇയാളെ ഉടന്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഇയാൾ മാനസിക വെല്ലുവിളിനേരിടുന്നയാളാണെന്നാണ് ബന്ധുക്കളുചെ മൊഴി.

ENGLISH SUMMARY:

A former employee, who set fire to a vehicle at the residence of a former medical college principal, has died from burn injuries. The incident involved the car of Dr. V.R. Jayakumar, former principal of Kottayam Medical College, being set ablaze by Chellappan, an 83-year-old resident of Kilirur.