ബസ് സ്റ്റാൻഡിൽ വെച്ച് പകല്‍ സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ നോക്കുകയും, ചോദിക്കാനെത്തിയ ബന്ധുവിനെ അടിച്ചോടിക്കുകയും ചെയ്ത കേസില്‍ രണ്ടാംപ്രതിയും അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കരിപ്പൂര് പനങ്ങട്ടേല മേക്കിങ്ങക്കര വീട്ടിൽ രാഹുൽരാജിനെയാണ് (27) നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
കേസിൽ ഒന്നാംപ്രതി ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19–ാം തീയതി വൈകിട്ട് 4.30ഓടെ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം. ശ്രീജിത്ത് ബസ് കാത്തുനിന്ന പെൺകുട്ടിയെ കടന്നുപിടിച്ചു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് കാര്യം പറയവേ, ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദ്ദിച്ചവശനാക്കുകയായിരുന്നു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിൽ നിന്ന് രാഹുൽ രാജ് പിടിയിലായത്.18ഓളം കേസുകളിൽ ഉൾപ്പെട്ട രാഹുൽരാജ് കാപ്പ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.