മകന് കഞ്ചാവ് കൊടുത്ത കൂട്ടുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 64കാരന്‍ പിടിയില്‍. കരിക്കകം കടകംപള്ളി സ്വദേശി സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കരിക്കകം റെയിൽവേ പാലത്തിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ടറിനെയാണ് സതീഷ് കുമാര്‍ കുത്തിയത്.
സതീഷ് കുമാറിന്റെ മകന് വിജിൻ സ്ഥിരമായി കഞ്ചാവും മദ്യവും നൽകാറുണ്ടായിരുന്നു, ഇത് പലതവണ സതീഷ് കുമാർ പറഞ്ഞ് വിലക്കിയിരുന്നു. ഇരുവരും ഇത് അനുസരിക്കാത്തതിന്റെ വിരോധത്തിലാണ് വിജിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിജിൻ പേട്ട പൊലീസ് സ്റ്റേഷനിൽ നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ്. ആക്രമണത്തില്‍ പരുക്കേറ്റ വിജിന്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ സതീഷ്‌കുമാറിനെ റിമാൻഡ് ചെയ്തു.