തൃശൂര്‍ ചേര്‍പ്പില്‍ അര്‍ധരാത്രി വാടകവീട്ടില്‍ ഒത്തുകൂടിയ മുപ്പത്തിനാലു പേരെ പൊലീസ് പിടികൂടി. കൊലക്കേസ്, വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുപതു പേരുണ്ട് ഇക്കൂട്ടത്തില്‍. വടിവാളുകളും മുളകുപൊടിയും ഉള്‍പ്പെടെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

 

കരുവന്നൂര്‍ പുഴയുടെ അരികിലുള്ള വിജനമായ വീട്ടില്‍ ക്രിമിനല്‍സംഘം ഇടയ്ക്കിടെ ഒത്തുക്കൂടുന്നതായി തൃശൂര്‍ റൂറല്‍ എസ്.പി ബി.കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇന്നലെ രാത്രിയും ഒത്തുകൂടല്‍ നടന്നതായി വിവരമറിഞ്ഞു. ലഹരിവിരുദ്ധ സംഘം, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ നൂറോളം പേര്‍ വീടു വളഞ്ഞു. 

 

ഒരാള്‍ക്കു പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം വീട് വളഞ്ഞ് പിടികൂടി. ഇരുപതു പേരും സ്ഥിരം കുറ്റവാളികള്‍. പതിനാലു പേര്‍ പിടിക്കപ്പെടുന്നത് ആദ്യം. എന്തിനു വേണ്ടി ഒത്തുകൂടിയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. പത്തൊന്‍പതു മുതല്‍ നാല്‍പതു വയസു വരെയുള്ളവരാണ് പിടിയിലായത്. 14 ഇരുചക്ര വാഹനങ്ങളും നാലു കാറുളും കണ്ടെടുത്തു. വടിവാളുകളും മുളകുപൊടിയും കണ്ടെടുത്തു.

 

കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി മാര്‍ട്ടിന്‍, ചാള്‍സ് ബെഞ്ചമിന്‍ കൊലക്കേസിലെ അനുരാജ് ഉള്‍പ്പെടെ ഇരുപതു പേര്‍ ക്രിമിനലുകളാണ്. ബെര്‍ത്ത്ഡേ പാര്‍ട്ടിയാണെന്ന് പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു. പക്ഷേ, ക്രിമിനല്‍ സിന്‍ഡിക്കേറ്റാണ് ഇക്കൂട്ടരെന്ന് പൊലീസും. അര്‍ധരാത്രി ക്രിമിനല്‍സംഘത്തിനൊപ്പം എന്തിനു പോയെന്നാണ് ബന്ധുക്കളോടുള്ള പൊലീസിന്‍റെ മറുചോദ്യം. ഇത്രയും ക്രിമിനലുകളും പൊലീസുകാരും ഒന്നിച്ചെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. 

ENGLISH SUMMARY:

A major police raid in Cherpu, Thrissur, has led to the arrest of thirty-four individuals, including twenty notorious criminals involved in murder and attempted murder cases. This significant bust, uncovering weapons like machetes and chili powder, highlights the ongoing efforts to combat organized crime in Kerala.