TOPICS COVERED

വര്‍ഷം 1965. ന്യൂയോര്‍ക്ക് മാന്‍ഹാട്ടന്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം ലഭിച്ചൂ. ഫെയര്‍ലോണ്‍ സബര്‍ബില്‍ ഒരു കൊലപാതകം  നടന്നിരിക്കുന്നു. ന്യൂയോര്‍ക്ക് അന്ന് കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിരുന്നു.   കത്തിക്കുത്തുകളും വെടിവയ്പ്പുകളും മാഫിയാ കൊലപാതകങ്ങളും  സര്‍വസാധാരണം. 

സാധാരണമായ ഒരു കൊലപാതകമെന്ന്  കരുതി സംഭവ സ്ഥലത്തെത്തിയ പൊലീസ് പക്ഷെ മൃഗീയമായ കാഴ്ച കണ്ട് നടുങ്ങി.  ആലിസ് എബര്‍ഹാര്‍ഡ്റ്റ് എന്ന 18കാരിയായ നഴ്സിങ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ശരീരം കശാപ്പ് ചെയ്ത നിലയിലായിരുന്നു. ഉടലില്‍ നിന്ന് തലയും കൈകാലുകളും വെട്ടിമാറ്റിയിരുന്നു . കൂടുതല്‍ അന്വേഷണത്തില്‍  സ്തനങ്ങളില്‍ കടിച്ച  പാടുകളും ശ്രദ്ധയില്‍ പെട്ടു. യുവതി ക്രൂരബലാല്‍സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നിഗമനത്തിലെത്തി. 

എന്നാല്‍ അന്വേഷണമാരംഭിച്ച പൊലീസിന്   കൂടുതലൊന്നും കണ്ടെത്താനായില്ല. വിരലടയാളങ്ങളില്ല. കുറ്റകൃത്യം നടത്തിയ ആയുധമില്ല.. ഒരു തെളിവുമില്ല, എന്തിന് രക്തം പോലുമില്ല. തുടക്കത്തിലെ ആവേശം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും  തുടര്‍ന്നുണ്ടായില്ല. ഒടുവില്‍ ആ കേസ്ഫയലും   തെളിയിക്കപ്പെടാത്ത  പൊടിപിടിച്ചു കിടന്നു. ആലിസ് എബര്‍ഹാര്‍ഡ്റ്റിന് നീതി കിട്ടിയില്ല.. 

24 വര്‍ഷങ്ങള്‍ കഴിഞ്ഞു. വര്‍ഷം 1979. ന്യൂയോര്‍ക്കിലെ ഒരു മോട്ടലില്‍ തീപിടിച്ച വാര്‍ത്തയറിഞ്ഞ് തീയണയ്ക്കാന്‍ എത്തിയതായിരുന്നു അഗ്നിശമനസേന. റൂം നമ്പര്‍ 417ല്‍ നിന്ന് പുക എന്നതായിരുന്നു ലഭിച്ച സന്ദേശം. റൂമിന്‍റെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ ഫയര്‍ഫൈറ്റേഴ്സ് തീകെടുത്താന്‍ ശ്രമം തുടങ്ങി. പുകച്ചുരുകളുകള്‍ക്കിടയില്‍  കട്ടിലില്‍ രണ്ടുപേര്‍ കിടക്കുന്നത് അവര്‍ കണ്ടു. ഉടന്‍ തന്നെ സിപിആര്‍ കൊടുക്കാനായി ഒരു ഉദ്യോഗസ്ഥന്‍ ചാടി മുന്നോട്ടുവന്നു എന്നാല്‍   കട്ടിലിനടുത്തെത്തിയ അയാള്‍ ഒരലര്‍ച്ചയോടെ പിന്നോട്ട് വീണു. ഒപ്പമുണ്ടായിരുന്ന ഫയര്‍ഫൈറ്റേഴ്സ് വീണ തങ്ങളുടെ സഹപ്രവര്‍ത്തകനടുത്തേക്ക് ചെന്നു. അയാള്‍ കട്ടിലിലേക്ക് കൈചൂണ്ടി അലറി.... മറ്റ് ഫയര്‍ഫൈറ്റേഴ്സ് കട്ടിലിലേക്ക് നോക്കി. രണ്ട് പേര്‍ കട്ടിലില്‍ കിടക്കുന്നു. പക്ഷെ അവര്‍ക്ക് തലയോ കൈകാലുകളോ ഉണ്ടായിരുന്നില്ല . 

അധികം വൈകിയില്ല പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മുറിയില്‍ ഒരു കൊല നടന്നതിന്‍റെ ഒരു ലക്ഷണവുമില്ല. എങ്ങും ചോരക്കറയില്ല... ആയുധങ്ങളില്ല. ആകെ കണ്ടെത്താനായത് രണ്ട് യുവതികളും ധരിച്ചിരുന്ന വസ്ത്രങ്ങളായിരുന്നു. വസ്ത്രങ്ങള്‍ പക്ഷെ വലിച്ചുവാരിയിട്ട നിലയിലായിരുന്നില്ല. മടക്കി വൃത്തിയാക്കി ബാത്ടബില്‍ വച്ചിരിക്കുകയായിരുന്നു അവ. യുവതികളുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കീറിമുറിച്ചിരുന്നു. ഒടുവില്‍ ശരീരത്തിലെ പാടുകളും മറ്റും നോക്കിയായി അന്വേഷണം. ഒരു യുവതിയുടെ വയറ്റില്‍ സിസേറിയന്‍ ചെയ്ത പാട് പൊലീസ് ശ്രദ്ധിച്ചു. ഒടുവില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഡീഡാസ് ഗൂഡര്‍സി എന്ന 22കാരിയായ ലൈംഗിക തൊഴിലാളിയുടെ അടയാളങ്ങളുമായി അത് യോജിച്ചു. ഒടുവില്‍ അത് അവര്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ രണ്ടാമത്തെ ശരീരത്തിന്‍റെ ഉടമയെ കണ്ടെത്താനായില്ല. നഗരത്തില്‍ ഒരു സീരിയല്‍ കില്ലറുണ്ടെന്ന് പൊലീസിന് വ്യക്തമായി. 

തൊട്ടടുത്ത വര്‍ഷം വീണ്ടും ഒരു ശരീരം കണ്ടെത്തി. കൊല്ലപ്പെട്ടത് ജീന്‍ റെയ്നാര്‍ എന്ന ലൈംഗികതൊഴിലാളി. പക്ഷെ ശരീരം കണ്ടെത്തിയ പൊലീസിനെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു.  കൊലയാളി  ഇരയുടെ സ്തനങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. ആ കൊലയാളിക്ക് അങ്ങനെ ഒരു പേര് വീണു.. ടോര്‍സോ കില്ലര്‍ 

അഞ്ച് മാസങ്ങള്‍ കടന്നുപോയി. ഒരു തുമ്പുമില്ലാതെ പൊലീസ് വലഞ്ഞു. മാധ്യമങ്ങളും ജനവും പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. സൈക്കോയെ പിടിക്കുന്നത് പൊലീസിന്‍റെ ലിസ്റ്റിലെ ആദ്യത്തെ ജോലിയായി. ഒടുവില്‍ 1980ല്‍ തന്നെ അത് സംഭവിച്ചു. ടൈംസ് സ്ക്വയറിലെ ഒരു മോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന തൂപ്പുകാരി ഒരു മുറിയില്‍ നിന്നും ഒരു യുവതിയുടെ കരച്ചില്‍ കേട്ടു. നഗരത്തിലെ സീരിയല്‍ കില്ലറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആ യുവതിയുടെ കാതുകളിലുമെത്തിയിരുന്നു. സംശയം തോന്നിയ അവര്‍ പൊലീസിനെ വിവരമറിയിച്ചു. ഒരു നിമിഷം പോലും വൈകിയില്ല പൊലീസ് സ്ഥലത്തെത്തി. മുറി ചവിട്ടിപ്പൊളിച്ച പൊലീസ് കണ്ടത് കൈവിലങ്ങുകളിട്ട് കട്ടിലില്‍ നഗ്നയായി ബന്ധനസ്ഥയായി കിടക്കുന്ന ഒരു യുവതിയെ ആയിരുന്നു. അവളുടെ ശരീരമാകെ കടിച്ച പാടുകള്‍. വായില്‍ ഡക്റ്റ് ടേപ്പ് കൊണ്ട് മൂടിക്കെട്ടിയിരുന്നു.  തൊട്ടടുത്ത് അയാള്‍ നില്‍ക്കുന്നു.  പൊലീസ് തോക്ക് ചൂണ്ടി അലറി. ഫ്രീസ്.... ഇരുട്ടില്‍ നിന്നും കൈകളുയര്‍ത്തി ആ രൂപം വെളിച്ചത്തിലേക്ക് വന്നു. പൊലീസുകാര്‍ ഒരു നിമിഷം സംശയിച്ചു. അവര്‍ മനസില്‍ കണ്ട ഒരു രൂപമല്ലായിരുന്നു അത്.  മാന്യമായി വസ്ത്രം ധരിച്ച ഒരു  സാധാരണക്കാരന്‍.

അറസ്റ്റ് ചെയ്ത പ്രതിയുടെ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. റിച്ചാര്‍ഡ് കോട്ടിങ്ഹാം എന്നാണയാളുടെ പേര്. വിവാഹിതന്‍ മൂന്ന് മക്കളുടെ അച്ഛന്‍. ന്യൂയോര്‍ക്കിലെ ഒരു ഹെല്‍ത്ത് ഇന്‍ഷൂരന്‍സ് കമ്പനിയിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി ചെയ്യുന്നു. മികച്ച സാമ്പത്തിക നില, സന്തുഷ്ട കുടുംബം, അക്കാലത്ത സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ള ജോലി. എങ്ങനെയാണ് ഒരു സാധാരണക്കാരന്‍ ഇത്രയും ഭീകരനായ ഒരു സീരിയല്‍ കില്ലറാകുന്നത്. 

 കോട്ടിങ്ഹാമിന്‍റെ മുറി പരിശോധിച്ച പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മരിച്ച പലരുടെയും ചെരുപ്പുകളും ആഭരണങ്ങളും കോട്ടിങ്ഹാം തന്‍റെ സുവിനിയര്‍ ആയി ശേഖരിച്ച് വച്ചിരുന്നു. കോട്ടിങ്ഹാമിനെ ചോദ്യം ചെയ്ത പൊലീസിന് പക്ഷെ കുറ്റസമ്മതമൊഴിയൊന്നും  കിട്ടിയില്ല. പക്ഷെ നഗരത്തില്‍ നടന്ന 6 കൊലകളില്‍ കോട്ടിങ്ഹാം തന്നെയാണ് പ്രതി എന്ന് പൊലീസിന് വ്യക്തമായി. കോട്ടിങ്ഹാമിന് കോടതി ജീവപര്യന്തമാണ് വിധിച്ചത്. കാരണം ഒട്ടേറെ തിരോധാനക്കേസുകള്‍ക്ക് കോട്ടിങ്ഹാം ചില വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഉത്തരമായേക്കാം. ഒരു വധശിക്ഷയാണെങ്കില്‍ അത് ചില കേസുകളുടെ അന്ത്യവുമായേക്കാം. കുറേക്കാലം ഒന്നും വെളിപ്പെടുത്താതെ ജയിലില്‍ കിടന്ന കോട്ടിങ്ഹാം ഒടുവില്‍ ഒരു വാര്‍ഡനോട് തന്‍റെ ആ രഹസ്യം വെളിപ്പെടുത്തി. .  താന്‍ നൂറിലധികം പേരെ കൊന്നിട്ടുണ്ട് . പക്ഷെ പലരുടെയും പേരുകള്‍ തനിക്ക് ഓര്‍മയില്ല... 

ഇതോടെ കേസില്‍ പൊലീസിന് കൂടുതല്‍ അന്വേഷണത്തിന് വഴിയായി. 1967 മുതലുള്ള മുഴുവന്‍ തിരോധാന/കൊലപാതക കേസുകളും പൊടിതട്ടിയെടുത്ത് അന്വേഷണം തുടങ്ങി. ഇവയില്‍ പലതിനും കബന്ധ കൊലയാളിയുെട കൊലപാതക രീതികളോട് സാമ്യം. 1980 മുതല്‍ 2022 വരെ ജാമ്യം നല്‍കാമെന്ന വ്യവസ്ഥയില്‍ റിച്ചാര്‍ഡ് കൊലപാതകങ്ങള്‍ സമ്മതിച്ചു. ഇതിലേറ്റവും അവസാനത്തേതായിരുന്നു ഈ വര്‍ഷം തുടക്കത്തില്‍ പറഞ്ഞ ആലിസ് എബര്‍ഹാര്‍ഡ്റ്റ് എന്ന 18കാരിയുടേത്. ഓണ്‍ലൈന്‍ വഴി കോടതി എത്തിയ 72കാരനായ റിച്ചാര്‍ഡ് തന്‍റെ കുറ്റം സമ്മതിച്ചു. പക്ഷെ ഇതോടെ കേസ് കൂടുതല്‍ കുഴപ്പത്തിലാകുകയാണ്. കാരണം 1967 മുതലാണ് റിച്ചാര്‍ഡ് തന്‍റെ കൊലപാതക പരമ്പര തുടങ്ങിയതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ 1965ലെ ഈ കൊല തെളിയുന്നതോടെ ഇതിന് മുന്‍പും കൊലപാതകങ്ങള്‍ റിച്ചാര്‍ഡ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതായി വരും. അത്ര പഴയ കേസുകള്‍ എവിടെ നോക്കി കണ്ടെത്തും എന്ന് പൊലീസിന് ആശങ്കയുണ്ട്. 

റിച്ചാര്‍ഡ് കോട്ടിങ്ഹാം അഥവാ ടോര്‍സോ കില്ലര്‍ എന്ന സീരിയല്‍ കില്ലറിന്‍റെ കൊലപാതക പരമ്പരകള്‍ അവസാനിച്ചു. പക്ഷെ ഇനിയും തെളിയാത്ത നൂറിനടുത്ത് കൊലപാതകങ്ങളും തിരോധാനങ്ങളും ഇനി എന്ന് തെളിയും എന്ന ചോദ്യമാണ്  ബാക്കിയുള്ളത്. 

ENGLISH SUMMARY:

Richard Cottingham is one of the most prolific serial killers in American history, known as the Torso Killer. For years, he led a double life as a quiet family man and a brutal murderer in New York. His gruesome signature involved dismembering victims and keeping their personal items as trophies. After his arrest in 1980, police slowly began linking him to numerous unsolved cold cases. Recent confessions have even connected him to the 1965 murder of a young nursing student. Although he is currently serving multiple life sentences, many of his alleged victims remain unidentified today.